ചെന്നൈ: ലഹരിക്കടത്തിൽ ഒളിവിൽ കഴിയുന്ന പ്രതിയും സിനിമാ നിർമതാവുമായ ജാഫർ സാദിഖിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്‌നാട് സ്വദേശികളെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഡൽഹിയിൽ പിടികൂടിയതോടെയാണ് ജാഫർ സാദിഖിന്റെ പങ്കും തെളിഞ്ഞത്.
ഈ സംഭവത്തിൽ പ്രധാന പ്രതിയാണ് ജാഫർ സാദിഖ്. ഇയാളെ പിടികൂടാനായിട്ടില്ല. ഒളിവിൽ കഴിയുന്ന ജാഫറിന്റെ 8 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് എൻസിബി നടപടി എടുത്തതോടെ പ്രതി കീഴടങ്ങുമെന്നാണ് സൂചന.
തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുടെ ചെന്നൈ വെസ്റ്റ് ജില്ലാ ഡപ്യൂട്ടി ഓർഗനൈസറായിരുന്നു ജാഫർ സാദിഖ്. കേസിൽ പ്രതിയായതിനു പിന്നാലെ ഡിഎംകെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു.
ജാഫർ സാദിഖാണു ലഹരിക്കടത്തിന്റെ സൂത്രധാരനെന്നും എൻസിബി കണ്ടെത്തിയതോടെ ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തിയ എൻസിബി സംഘം മൈലാപ്പൂരിലെ ജാഫർ സാദിഖിന്റെ വീട് സീൽ ചെയ്തിരിക്കുകയാണ്.