അരുണാചലിലെ സൈനിക ക്യാംപില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി; സേനയിലെ പോര്‍ട്ടറായ പാകിസ്താന്‍ ചാരന്‍ പിടിയില്‍

നിര്‍ണ്ണായകമായ ഒട്ടനേകം സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ സേനയിലെ പോര്‍ട്ടറെ പിടികൂടി.

ഗുവാഹത്തി: നിര്‍ണ്ണായകമായ ഒട്ടനേകം സൈനിക വിവരങ്ങള്‍ ചോര്‍ത്തിയ സേനയിലെ പോര്‍ട്ടറെ പിടികൂടി. അരുണാചല്‍ പ്രദേശില്‍ സൈനിക ക്യാംപില്‍നിന്ന് പാകിസ്താന്‍ ചാരനെന്നു സംശയിക്കപ്പെടുന്ന ആളെയാണ് പിടികൂടിയത്. സൈന്യത്തിനൊപ്പം പോര്‍ട്ടറായി ജോലി ചെയ്തിരുന്ന ആളാണ് പിടിയിലായ നിര്‍മല്‍ റായ്. ഇന്ത്യ – ചൈന അതിര്‍ത്തിക്കു സമീപമുള്ള സൈനിക ക്യാംപില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.

2018 ഒക്ടോബര്‍ മുതല്‍ സൈനിക ക്യാംപില്‍ ജോലി ചെയ്തുവരികയായിരുന്നു ടിന്‍സുകിയ ജില്ലയിലെ അംബികാപൂര്‍ സ്വദേശിയായ നിര്‍മ്മല്‍. ദുബായിലുള്ള പാക് ഭീകരര്‍ക്ക് സൈന്യത്തിലെ നിര്‍ണായക വിവരം കൈമാറിയതോടെയാണ് നിര്‍മ്മല്‍ റായിയെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്.

ദുബായില്‍ ബര്‍ഗര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ പാക് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടുന്നത്. ദുബായില്‍വച്ച് ചിത്രങ്ങളും വീഡിയോയും എടുക്കുന്നതിനുള്ള പരിശീലനം നിര്‍മ്മലിന് ലഭിച്ചിരുന്നു. ആവശ്യമായ പരിശീലനത്തിനുശേഷമാണ് നിര്‍മ്മലിനെ തിരികെ അരുണാചലിലേക്ക് അയച്ചത്. നാട്ടിലെത്തിയ നിര്‍മ്മല്‍ സൈന്യത്തിനൊപ്പം ചേരുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയുമായിരുന്നുവെന്നാണു വിവരം.

സമൂഹമാധ്യമ സംവിധാനങ്ങളായ വാട്‌സ്ആപ്പ്, വിഡിയോ കോളിങ് സംവിധാനങ്ങള്‍ എന്നിവ വഴിയായിരിക്കാം ഇയാള്‍ വിവരങ്ങള്‍ കൈമാറിയതെന്നാണു അധികൃതരുടെ നിഗമനം. നിയന്ത്രണ രേഖയ്ക്കു സമീപമുള്ള അടിസ്ഥാനസൗകര്യ നിര്‍മ്മാണങ്ങളായ – വിമാനത്താവളം, സൈനിക താവളങ്ങളുടെ സ്ഥലവും വിന്യാസവും ആയുധങ്ങള്‍, പാലങ്ങള്‍, ഇന്ത്യന്‍ സേനയുടെ ആയുധങ്ങളുടെ വിവരങ്ങള്‍ – എന്നിവയാണ് ഇയാള്‍ കൈമാറിയിരിക്കുന്നത്.

സൈന്യത്തിന്റെ ഫോര്‍വേഡ് പോസ്റ്റുകളില്‍ പ്രദേശവാസികളെ കരാറടിസ്ഥാനത്തില്‍ പോര്‍ട്ടര്‍മാരായി നിയമിക്കുന്നത് പതിവാണ്. പിടിയിലായ നിര്‍്മല്‍ റായിയുടെ സഹോദരനും സൈന്യത്തിലാണ്.

Exit mobile version