തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തിനായുള്ള ബഹിരാകാശ സഞ്ചാരികളുടെ പേര് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മലയാളിയായ ബഹിരാകാശ യാത്രികനുള്‍പ്പടെ നാലുപേരാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ഗ്രൂപ്പ് കാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് കാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് കാപ്റ്റന്‍ അംഗദ് പ്രതാപ്, വിങ് കമാന്റര്‍ ശുബാന്‍ഷു ശുക്ല എന്നിവരാണ് ആ നാലുപേര്‍. ഇതില്‍ മൂന്നുപേരാണ് ഗഗന്‍യാന്‍ പേടകത്തിലേറി ബഹിരാകാശത്തേക്ക് പോകുക. ഇവരുടെ പരിശീലനവും പൂര്‍ത്തിയായി.
തുമ്പ വിഎസ്എസ്‌യില്‍ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നരേന്ദ്ര മോഡി പ്രഖ്യാപനം നടത്തിയത്. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗന്‍യാന്‍ യാത്രയ്ക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.
2025ല്‍ ഗഗന്‍യാന്‍ ദൗത്യം സാധ്യമാക്കാനാണ് ഐഎസ്ആര്‍ഒ ശ്രമിക്കുന്നത്. ഇത് വിജയമായാല്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ബഹിരാകാശത്ത് മനുഷ്യനെ എത്തിച്ച് സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ സ്വന്തമായുള്ള രാജ്യമായി ഇന്ത്യ മാറും. ബഹിരാകാശ രംഗത്ത് വലിയ ചുവട് വെപ്പാണ് ഇതിലൂടെ സാധ്യമാകുന്നത്. മാത്രമല്ല ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ബഹിരാകാശ സൂപ്പര്‍ പവറായി രാജ്യം മാറും.
സോവിയറ്റ് യൂണിയന്റെ റോക്കറ്റിലേറി ആദ്യമായി 1984 ഏപ്രില്‍ 2 ന് രാകേഷ് ശര്‍മയെന്ന ഇന്ത്യക്കാരന്‍ ആദ്യമായി ബഹിരാകാശത്തെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് ഗഗന്‍യാന്‍ ദൗത്യം. ഗഗന്‍യാന്‍ ദൗത്യത്തിനിടയില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്നതിന് പുറമെ നാല് ജീവശാസ്ത്ര പരീക്ഷണങ്ങളും, രണ്ട് ഫിസിക്കല്‍ പരീക്ഷണങ്ങളും ഈ പേടകത്തില്‍ വെച്ച് ഐഎസ്ആര്‍ഒ നടത്തും.
ബഹിരാകാശ യാത്രികരെ കയറ്റാതെ, യഥാര്‍ഥ ഗഗന്‍യാന്‍ ദൗത്യത്തിന്റെ സാഹചര്യങ്ങള്‍ പരീക്ഷിക്കാനുള്ള ആളില്ലാ ഗഗന്‍യാന്‍ പരീക്ഷണം ഈ വര്‍ഷം തന്നെ നടന്നേക്കും. യഥാര്‍ഥ ദൗത്യത്തിനു മുന്നോടിയായുള്ള അവസാന പ്രധാന പരീക്ഷണം അതാണ്. ഇതിനൊപ്പം ബഹിരാകാശ യാത്രികരെ സഹായിക്കാനുള്ള വ്യോമമിത്ര റോബോട്ടും ഈ ദൗത്യത്തിലുണ്ടാകും. ബഹിരാകാശത്തെ ഗുരുത്വമില്ലാത്ത സാഹചര്യം എങ്ങനെ മനുഷ്യരെ സ്വാധീനിക്കുമെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഈ ദൗത്യത്തില്‍ നിന്ന് ഐഎസ്ആര്‍ഒയ്ക്ക് നേരിട്ട് ലഭിക്കും.
3 ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്, ഭൂമിയില്‍ തിരിച്ചെത്തിക്കുന്നതാണ് ഗഗന്‍യാന്‍ ദൗത്യം. ബഹിരാകാശ യാത്രികര്‍ക്കുള്ള സ്‌പേസ് സ്യൂട്ടുകള്‍, ഗഗന്‍യാന്‍ പേടകം, ഭൂമിയിലേക്ക് തിരികെ എത്തുമ്പോള്‍ ഉണ്ടാകുന്ന ഉയര്‍ന്ന താപനില അതിജീവിക്കാനുള്ള സാങ്കേതിക വിദ്യ, പേടകത്തെ സുരക്ഷിതമായി ഇറക്കാനുള്ള പാരച്യൂട്ട്, ഗഗന്‍യാന്‍ പേടകത്തിനുള്ളിലെ ലൈഫ് സപ്പോള്‍ട്ട് സംവിധാനം, വിക്ഷേപണത്തിനിടെ അപകടമുണ്ടായാല്‍ യാത്രികരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശേഷി എന്നിവ ഐഎസ്ആര്‍ഒ സ്വയം വികസിപ്പിച്ചെടുത്തതാണ്.
പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ 1999ലാണ് വ്യോമസേനയില്‍ ചേരുന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. ഇന്ത്യയുടെ മനുഷ്യനെ വഹിച്ചുള്ള ആദ്യ ബഹിരാകാശ ദൗത്യത്തിന്റെ തലവന്‍ മലയാളിയാണെന്നത് കേരളത്തിനിത് അഭിമാനനിമിഷം. നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. നാല് പേരും ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാരാണ്. തുമ്പയിലെ വിഎസ്എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗന്‍യാന്‍ ദൗത്യ സംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന സുപ്രധാന ചടങ്ങ് നടന്നത്.