തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്ഭവനിലെ ഫയലുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്‌ശെഹറില്‍ നിന്ന് മത്സരിച്ചേക്കും എന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
ബിജെപി നേതൃത്വത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഒഴിയും. ജനകീയനായ രാഷ്ട്രീയ നേതാവിന്റെ പ്രവര്‍ത്തന ശൈലിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കാന്‍ സഹായകമായത്.
സാധാരണ ഗവര്‍ണര്‍മാര്‍ പിന്തുടരുന്ന പ്രവര്‍ത്തന പ്രതികരണ രീതികളും അദ്ദേഹം പൊളിച്ചെഴുതി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ പലപ്പോഴും പ്രതിപക്ഷത്തെയും കടത്തിവെട്ടി. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനുള്ള വഴി തുറന്നിടുന്നതിന്റെ ഭാഗമായി ഇതെല്ലാമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഇതിനിടെയാണ് രാജ്ഭവനിലെ ഫയലുകള്‍ വെച്ചുതാമസിപ്പിക്കാതെ വേഗം തീര്‍പ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആരിഫ് മുഹമ്മദ്ഖാന്‍ മത്സരിച്ചേക്കും എന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്വദേശമായ ബുലന്ദ്‌ശെഹര്‍ ഉള്‍പ്പെടെ യുപിയിലെ പലമണ്ഡലങ്ങളിലും അദ്ദേഹത്തിനെ പരിഗണിക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ആര്‍എസ്എസ്സിനുകൂടി സ്വീകാര്യനായ ന്യൂനപക്ഷ സ്ഥാനാര്‍ഥിയായിരിക്കും ആരിഫ് മുഹമ്മദ്ഖാന്‍. 1977 മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് ആരിഫ് മുഹമ്മദ്ഖാന്‍. കേന്ദ്രമന്ത്രിയും മൂന്നു തവണ എംപിയുമായിരുന്നു.
കോണ്‍ഗ്രസ് വിട്ട ആരിഫ് മുഹമ്മദ്ഖാന്‍ ജനതാദളിലും ബഹുജന്‍സമാജ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച ശേഷമാണ് ബിജെപിയിലെത്തിയത്. 2004 അദ്ദേഹം കൈസര്‍ഗജ്ജില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Discussion about this post