ബംഗളൂരു: കര്‍ഷകന് മെട്രോ യാത്ര നിഷേധിച്ച സംഭവത്തില്‍ ബെംഗളൂരു മെട്രോ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.വസ്ത്രത്തിന്റെ പേരിലായിരുന്നു രാജാജിനഗര്‍ മെട്രോ സ്റ്റേഷനിലെത്തിയ കര്‍ഷകന് ഉദ്യോഗസ്ഥര്‍ യാത്ര നിഷേധിച്ചത്.
സംഭവത്തില്‍ വന്‍പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഒരു ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്. മെട്രോ സ്റ്റേഷനിലെത്തിയ കര്‍ഷകന്‍ മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച്, ചാക്ക് തലയില്‍ ചുമന്നായിരുന്നു എത്തിയത്. ടിക്കറ്റും എടുത്തിരുന്നു.
എന്നാല്‍ സെക്യൂരിറ്റി ചെക്ക് പോയിന്റില്‍ ഹിന്ദി സംസാരിക്കുന്ന കര്‍ഷകനെ തടഞ്ഞുവെയ്ക്കുകയായിരുന്നു. എന്തിനാണ് കര്‍ഷകനെ തടഞ്ഞതെന്ന് മറ്റ് യാത്രക്കാര്‍ അന്വേഷിച്ചിട്ടും അതിന്റെ കാരണം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചില്ല. തുടര്‍ന്നായിരുന്നു പ്രതിഷേധം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വസ്ത്രത്തിന്റെ പേരിലാണ് കര്‍ഷകനെ തടഞ്ഞുവെച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതും കേള്‍ക്കാം. സഹ യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഒടുവില്‍ കര്‍ഷകനെ മെട്രോയില്‍ കയറ്റിയത്. സംഭവം വലിയ വിവാദമായതോടെയാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടത്.