അഗർത്തല: സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതിനെ ചൊല്ലി ഉണ്ടായ വിവാദത്തിൽ ത്രിപുര സർക്കാർ വനം (വന്യജീവി, ഇക്കോടൂറിസം) വകുപ്പിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെൻഡ് ചെയ്തു. സിംഹങ്ങളുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി നൽകിയ ഹർജിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കേസ് പരിഗണിച്ച കൽക്കട്ട ഹൈക്കോടതി സിംഹങ്ങളുടെ പേര് മാറ്റണമെന്ന് നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ത്രിപുര സർക്കാർ ഇതുമായിബന്ധപ്പെട്ട ഐഎഫ്എസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. ഫെബ്രുവരി 12-നാണ് ത്രിപുരയിലെ സെപാഹിജാല മൃഗശാലയിൽനിന്ന് സിംഹങ്ങളെ ബംഗാളിലെ വൈൽഡ് ആനിമൽസ് പാർക്കിലേക്ക് മാറ്റിയത്. ഈ കൈമാറ്റ സമയത്ത് സിംഹങ്ങളുടെ പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയത് സസ്‌പെൻഷനിലായ ഈ ഉദ്യോഗസ്ഥനാണ്. 1994-ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അഗർവാൾ.
നേരത്തെ, ത്രിപുര മൃഗശാലാ അധികൃതരാണ് സിംഹങ്ങൾക്ക് പേരിട്ടതെന്നും എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ഉത്തരവാദിത്തം അവർക്കാണെന്നുമാണ് ബംഗാൾ വനംവകുപ്പ് കോടതിയെ അറിയിച്ചിരുന്നു.
also read- ഏഴാംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; രണ്ട് അധ്യാപകർക്ക് എതിരെ കേസെടുത്ത് പോലീസ്
തുടർന്ന് ഹൈക്കോടതിയുടെ റെഗുലർ ബെഞ്ചിന് വിഷയം കൈമാറിയതോടെയാണ് ത്രിപുര സർക്കാർ അഗർവാളിനോട് വിശദീകരണം ചോദിച്ചത്. എന്നാൽ, അക്ബർ, സീത എന്നീ പേരുകൾ നൽകിയത് തന്റെ വകുപ്പല്ലെന്ന് അദ്ദേഹം റിപ്പോർട്ട് നൽകിയെങ്കിലും അന്വേഷണത്തിൽ ത്രിപുര ഉദ്യോഗസ്ഥർ തന്നെയാണ് പേര് നൽകിയതെന്ന് കണ്ടെത്തി. തുടർന്നാണ് അഗർവാളിനെ സസ്പെൻഡ് ചെയ്തത്.