ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്തതിന് പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് ബി.എസ്.പി എംപി. റിതേഷ് പാണ്ഡെയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
പാര്‍ലമെന്റ് ക്യാന്റീനില്‍ പ്രധാനമന്ത്രിക്കൊപ്പം സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്ത ശേഷമായിരുന്നു റിതേഷ് പാണ്ഡെ പാര്‍ട്ടി വിട്ടത്. അംബേദ്കര്‍ നഗര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് 42കാരനായ പാണ്ഡെ.
തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത് ഇന്ത്യയുടെ വികസനത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടാണെന്ന് റിതേഷ് പാണ്ഡെ പറഞ്ഞു.
തനിക്ക് അവസരം നല്‍കിയതിന് മായാവതിയോട് നന്ദിപറഞ്ഞ അദ്ദേഹം ഇപ്പോള്‍ ഒരു യോഗങ്ങളിലും തന്നെ പാര്‍ട്ടി ക്ഷണിക്കാറില്ലെന്നും വ്യക്തമാക്കി. തന്നെ പാര്‍ട്ടിക്ക് ഇനി ആവശ്യമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും റിതേഷ് പാണ്ഡെ പറഞ്ഞു.