മുംബൈ: നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെതിരെ ശിവസേന രംഗത്ത്. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗക്കാര്‍ക്ക് സംവരണം ഉണ്ടെങ്കിലും തൊഴിലുകള്‍ എവിടെയെന്ന ചോദ്യം ഇപ്പോഴും തുടരുന്നുവെന്ന് ശിവസേന മുഖപത്രമായ സാംമ്നയില്‍ ചോദിക്കുന്നു.
മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായ് പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തിലും വിദ്യാഭ്യാസത്തിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തികൊണ്ട് പാര്‍ലമെന്റ് ബുധനാഴ്ച ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരുന്നു.
വോട്ടിനു വേണ്ടിയാണ് ഈ തീരുമാനം എങ്കില്‍ അത് സര്‍ക്കാരിനെ വിലകുറച്ചു കാണും, പത്തു ശതമാനം സംവരണത്തിന് ശേഷവും, തൊഴില്‍ എന്തായിരിക്കും, എവിടെ നിന്ന് ലഭിക്കുമെന്നും ശിവസേന ചോദിച്ചു.
ഇന്ത്യയിലെ ജനസംഖ്യയില്‍ 15 വയസ്സിനുമേല്‍ പ്രായമുള്ളവരുടെ എണ്ണം ഓരോ മാസവും 13 ലക്ഷമായി വര്‍ധിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത 18 വയസ്സിന് താഴെയുള്ളവരെ ജോലി ചെയ്യിക്കുന്നത് കുറ്റകൃത്യമാണ്, എന്നാല്‍ ബാലവേല നിശബ്ദമായി തുടരുകയാണെന്നും ശിവസേന ചൂണ്ടിക്കാട്ടി.
ഓരോ വര്‍ഷവും 80 മുതല്‍ 90 ലക്ഷം തൊഴില്‍ അവസരങ്ങള്‍ രാജ്യത്ത് ആവശ്യമായി വരുന്നുണ്ട്. ഇനിയും തൊഴിലവസരങ്ങള്‍ ആവശ്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായ് തൊഴിലവസരങ്ങല്‍ കുറഞ്ഞുവരികയാണ്. നോട്ട് നിരോധനത്തിന്റെയും ജിഎസ്ടി ഏര്‍പ്പെടുത്തിയതിന്റെയും ഭാഗമായി 1.5 കോടി മുതല്‍ 2 കോടി തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു.
2018 ല്‍ റെയില്‍വേയില്‍ 90 ലക്ഷത്തോളം ഒഴിവുകളിലേക്ക് അപേക്ഷിച്ചത് 2.8 കോടി ആളുകളാണ്. മുംബൈ പോലീസിലെ 1,137 ഒഴിവുകളില്‍ നാലു ലക്ഷത്തിലധികം പേര് അപേക്ഷിച്ചെന്നും ശിവസേന ചൂണ്ടിക്കാട്ടി.
10 ശതമാനം സംവരണം കിട്ടുന്നതുകൊണ്ട് യോഗ്യതയുള്ള യുവാക്കള്‍ക്ക് എന്തെങ്കിലും കാര്യമുണ്ടോ? യുവാക്കളോട് പക്കുവട ഉണ്ടാക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി ഇപ്പോള്‍ 10 ശതമാനം സംവരണം നല്‍കിയിരിക്കുകയാണ്’ എന്നും ശിവസേന അഭിപ്രായപ്പെട്ടു.
എന്നാല്‍ നേരത്തെ സംവരണത്തെ അനൂകൂലിച്ച് പാര്‍ലമെന്റില്‍ ശിവസേന വോട്ട് രേഖപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് രാഷ്ട്രീയലാഭം സംവരണ ബില്ല് ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് ഇപ്പോള്‍ ശിവസേന എതിര്‍ക്കാന്‍ പ്രേയരിപ്പിക്കുന്നതെന്ന് കരുതുന്നു.
Discussion about this post