ലഖ്‌നൗ: ഓൺലൈൻ ഗെയിമിന് അടിമയായ മകൻ ലക്ഷങ്ങളുടെ കടം തീർക്കാനായി മാതാവിനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഫത്തേപുരിലാണ് സംഭവം. ഓൺലൈൻ ഗെയിമിന് അടിമയായ മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹിമാൻഷു എന്നയാളാണ് മാതാവ് പ്രഭയെ കൊലപ്പെടുത്തിയത്. മരിച്ച സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഇൻഷുറൻസ് തുക തട്ടിയെടുത്ത് കടംതീർക്കാനായിരുന്നു ഇയാളുടെ ശ്രമം.
എന്നാൽ പ്രതിയെ കൊലപാതകത്തിന് പിന്നാലെ പോലീസ് പിടികൂടുകയായിരുന്നു. പ്രഭയുടെ പേരിൽ 50 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നു. ഇത് തട്ടിയെടുക്കാനായിരുന്നു കൊലനടത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പ്രഭയെ യമുനാ നദിയുടെ തീരത്ത് ഉപേക്ഷിക്കുകയും ചെയ്തു.
ഇയാൾക്ക് നാല് ലക്ഷത്തോളം രൂപ കടമുണ്ടായിരുന്നു. ഓൺലൈൻ ഗെയിം കളിച്ചാണ് കടം വരുത്തിവെച്ചത്. ഇതി വീട്ടാനുള്ള വഴി തേടി നടക്കുന്നതിനിടെയാണ് ഇൻഷൂറൻസ് പോളിസിയെന്ന വിദ്യ ഓർമ്മവന്നത്. മാതാപിതാക്കളുടെ പേരിൽ 50 ലക്ഷത്തിന്റെ ഇൻഷുറൻസ് പോളിസി എടുക്കുകയായിരുന്നു കൃത്യത്തിന് ആദ്യപടിയായി ഇയാൾ ചെയ്തത്.
മോഷ്ടിച്ച സ്വർണ്ണം വിറ്റാണ് പോളിസി എടുക്കാനുള്ള പണം കണ്ടെത്തിയത്. പിന്നീട് പിതാവ് വീട്ടിലില്ലാത്ത സമയംനോക്കി മാതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ശേഷം മൃതദേഹം ബാഗിലാക്കി ട്രാക്ടറിൽ യമുനാനദിയുടെ തീരത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
Discussion about this post