പ്ലേ സ്‌കൂള്‍ വേണ്ട! മകളെ സര്‍ക്കാര്‍ വക അംഗന്‍വാടിയില്‍ ചേര്‍ത്ത് മറ്റ് മാതാപിതാക്കള്‍ക്ക് മാതൃകയായി വനിതാ കളക്ടര്‍

മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായി സ്വന്തം മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്ത് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുകയാണ് തിരുനെല്‍വേലി ജില്ലാ കളക്ടര്‍ ശില്‍പ പ്രഭാകര്‍ സതീഷ്. പാളയംകോട്ടെയിലെ അംഗന്‍വാടിയിലാണ് കളക്ടര്‍ മകളെ ചേര്‍ത്തത്.

തിരുനെല്‍വേലി: നമ്മുടെ കുട്ടികളെ ഏത് പ്ലേ സ്‌കൂളില്‍ ചേര്‍ക്കണം എന്നത് എല്ലാ രക്ഷിതാക്കളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ അത്തരം മാതാപിതാക്കളില്‍ നിന്നും വ്യത്യസ്തമായി സ്വന്തം മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്ത് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുകയാണ് തിരുനെല്‍വേലി ജില്ലാ കളക്ടര്‍ ശില്‍പ പ്രഭാകര്‍ സതീഷ്. പാളയംകോട്ടെയിലെ അംഗന്‍വാടിയിലാണ് കളക്ടര്‍ മകളെ ചേര്‍ത്തത്. തിരുനെല്‍വേലിയിലെ ആദ്യത്തെ വനിത കളക്ടറാണ് ശില്‍പ.

മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്തതില്‍ വളരെ സന്തോഷവതിയാണ് താനെന്ന് കര്‍ണ്ണാടക സ്വദേശിയായ കളക്ടര്‍ പറഞ്ഞു. ‘സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള കുട്ടികളുമായി ഇടപഴകുന്നതിന് വേണ്ടിയും മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുന്നതിനും വേണ്ടിയാണ് മകളെ പ്ലേ സ്‌കൂളില്‍ ചേര്‍ക്കാതെ അംഗന്‍വാടിയില്‍ ചേര്‍ത്തത്. കളക്ട്രേറ്റിന് സമീപമാണ് അംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും മികച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്’-ശില്‍പ പറയുന്നു.

ജില്ലയില്‍ ഏകദേശം ആയിരത്തോളം അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Exit mobile version