ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ ബസ്സില്‍ നിന്നും ബീഫുമായി ബസില്‍ കയറിയ സ്ത്രീയെ ഇറക്കിവിട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍. ടിഎന്‍ടിസി ധര്‍മപുരി ഡിവിഷന്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
ബീഫുമായി ബസ്സില്‍ കയറിയതിന്റെ പേരില്‍ പാഞ്ചാലി എന്ന 59 കാരിയെയാണ് ഇറക്കിവിട്ടത്. ഇവരെ സുരക്ഷിതമല്ലാത്ത സ്ഥലത്താണ് ഇറക്കിവിട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീ ബീഫുമായി യാത്രചെയ്തത് ബസിലെ മറ്റ് യാത്രക്കാര്‍ക്ക് ആര്‍ക്കും പ്രശ്‌നമില്ലായിരുന്നു എന്നും എന്നാല്‍ കണ്ടക്ടറും ഡ്രൈവറും പാഞ്ചാലിയോട് മോശമായാണ് പെരുമാറിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
also read;വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് ബന്ധുവായ യുവതിയുടെ പരാതി, നടന്‍ അറസ്റ്റില്‍
ധര്‍മപുരി ജില്ലയിലെ മൊറപ്പൂര്‍ ബ്ലോക്കിലുള്ള നാവലായി സ്വദേശിയായ പാഞ്ചാലിയെ മോപ്പിരിപ്പട്ടി ഫോറസ്റ്റ് ഏരിയയില്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. ഇവിടെ നിന്നും അടുത്ത സ്റ്റോപ്പിലേക്ക് നടന്നെത്തിയ പാഞ്ചാലി സംഭവം കുടുംബത്തെ അറിയിക്കുകയായിരുന്നു.
പിന്നാലെ ഒരു സംഘമാളുകള്‍ ഡ്രൈവറെയും കണ്ടക്ടറെയും ചോദ്യം ചെയ്തിരുന്നു. പാഞ്ചാലി ദളിത് വിഭാഗത്തില്‍ പെട്ടയാള്‍ ആയതിനാലാണ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്തു നിന്നും ഇത്തരമൊരു പെരുമാറ്റം ഉണ്ടായതെന്നും ഇവര്‍ ആരോപിച്ചു. ഈ സംഭവത്തിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്.