ന്യൂഡൽഹി: ഡൽഹിയിലേക്ക് കർഷകസംഘടനകളുടെ നേതൃത്വത്തിൽ നടത്തിയിരുന്ന മാർച്ച് താൽക്കാലികമായി നിർത്തിവെച്ചു. കൂടുതൽ കർഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കർഷക സമരം താത്കാലികമായി നിർത്തിവച്ചത്. എന്നാൽ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ തന്നെ തുടരുമെന്നും സമരം ശക്തമാക്കുമെന്നും സംഘടനകൾ അറിയിച്ചിപിക്കുന്നത്.
കൂടുതൽ കർഷകരെ അതിർത്തിയിലേക്ക് എത്തിക്കും, പോലീസ് ആക്രമണത്തിൽ മരിച്ച ശുഭ് കരൺ സിംഗിന് നീതി ഉറപ്പാക്കുന്നതിനായി പ്രതിഷേധം ശക്തമാക്കുമെന്നും കർഷകർ അറിയിച്ചു. യുവകർഷകന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്തില്ലെന്നും യുവ കർഷകന് നീതി ലഭിക്കും വരെ അതിർത്തികളിൽ ശക്തമായ സമരം തുടരുമെന്നും നേതാക്കൾ വിശദീകരിച്ചു.
ഹരിയാന പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും നേതാക്കൾക്ക് എതിരേയും കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
നടപടികൾ തുടങ്ങാതെ യുവ കർഷകന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താനോ സംസ്‌കരിക്കാനോ അനുവദിക്കില്ലെന്ന് കർഷകർ നിലപാടെടുത്തു. മുഖ്യമന്ത്രിയുടെ ഒരു കോടി രൂപ സഹായധനം വാഗ്ദാനം കർഷക നേതാക്കളും കുടുംബവും നിഷേധിച്ചു. ആദ്യം വേണ്ടത് എഫ്‌ഐആർ ആണെന്നാണ് ഇവരുടെ നിലപാട്.
ഹരിയാന പോലീസ് ഹിസാറിലെ ഖനൗരിയിൽ നിരവധി കർഷകരുടെ ട്രക്കുകൾ നശിപ്പിച്ചു. ഇതിനിടെ ഡൽഹി അതിർത്തിയിൽ കർഷകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മോഡി കർഷക വിരോധി എന്ന് മുദ്രാവാക്യം മുഴക്കിയ കർഷകർ, വെടിയുതിർത്ത ഹരിയാന പോലീസിനെതിരെ നടപടി വേണമെന്നും മുദ്രാവാക്യം മുഴക്കി.