മുംബൈ: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെത്തിയ രാഹുൽ ഗാന്ധിയെ വിചിത്രമായ കാരണം പറഞ്ഞ് കാണാൻ അനുവദിച്ചില്ലെന്ന് മുൻയൂത്ത് കോൺഗ്രസ് നേതാവ്. രാഹുലിനെ കാണണമെങ്കിൽ ശരീരഭാരം 10 കിലോഗ്രാം കുറയ്ക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാവായിരുന്ന ബാബാ സിദ്ദിഖിന്റെ മകനും യൂത്ത് കോൺഗ്രസ് മുംബൈ ഘടകത്തിന്റെ മുൻ പ്രസിഡന്റുമായ സീഷാൻ സിദ്ദിഖ് ആരോപിച്ചത്.
രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര നന്ദേദിൽ എത്തിയപ്പോഴായിരുന്നു സംഭവമെന്നും രാഹുൽ ഗാന്ധിയുമായി വളരെ അടുത്ത ആളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും സിദ്ദിഖ് പറഞ്ഞു. ന്യൂനപക്ഷവിഭാഗത്തിൽ പെട്ട നേതാക്കൾക്ക് കോൺഗ്രസിനുള്ളിൽ മോശമായ അനുഭവമാണ് ഉള്ളതെന്നും സീഷാൻ സിദ്ദിഖ് പറഞ്ഞു.
പാർട്ടിക്ക് വിവേചനപരവും വർഗീയവുമായ സമീപനമാണ് ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട നേതാക്കളോടുള്ളത്. ബാബരി മസ്ജിദ് തകർത്തതിനെ പ്രശംസിച്ച് സംസാരിച്ച ഉദ്ധവ് താക്കറേയുടെ ശിവസേനയുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടതിൽ തനിക്ക് ആശങ്കയുണ്ട് എന്നും സീഷാൻ പ്രതികരിച്ചു.
മുസ്ലിമായതിനെ പാപമായാണോ കോൺഗ്രസ് കാണുന്നത്? എന്നെ ലക്ഷ്യമിടുന്നത് എന്തിനാണെന്ന് പാർട്ടി പറയണം. താൻ മുസ്ലിമായതുകൊണ്ടാണോ എന്നും സീഷാൻ സിദ്ദിഖി ചോദിച്ചു. ബുധനാഴ്ചയാണ് സീഷാൻ സിദ്ദിഖിയെ മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
ഇദ്ദേഹത്തിന്റെ പിതാവ് ബാബാ സിദ്ദിഖ് കോൺഗ്രസിൽനിന്ന് രാജിവെച്ച് അജിത് പവാർ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നതിന് പിന്നാലെയായിരുന്നു മടപടി. 50 വർഷമായി കോൺഗ്രസിനൊപ്പമുള്ള നേതാവും മുൻമന്ത്രിയും എംഎൽഎയുമായിരുന്നു ബാബാ സിദ്ദിഖ്.
Discussion about this post