ജയ്പുർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അരികിലെത്തിയിട്ടും കാര്യമായ മുന്നൊരുക്കങ്ങൾ നടത്താതിരുന്ന രാജസ്ഥാൻ മന്ത്രിമാരെ ശാസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്ത് നടന്ന കോർ കമ്മിറ്റി ചർച്ചയിൽ മൂന്നു മന്ത്രിമാരെ 40 മിനിറ്റോളം എഴുന്നേൽപ്പിച്ച് നിർത്തിയാണ് അമിത് ഷാ വിമർശിച്ചത്. ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ്, സാമൂഹികനീതി മന്ത്രി അവിനാശ് ഗെഹ്‌ലോട്ട്, ഭക്ഷ്യ പൊതുവിതരണമന്ത്രി സുമിത് ഗൊദാര എന്നിവർക്കാണ് അമിത് ഷായുടെ വാക്കുകളുടെ മൂർച്ച അറിയേണ്ടി വന്നത്.
ഒരു ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ രാജസ്ഥാനിലെത്തിയത്. ഉദയ്പുരിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തശേഷമാണ് ബിക്കാനേർ ക്ലസ്റ്ററിൽനിന്നുള്ള ഇരുന്നൂറോളം നേതാക്കളുമായി ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയത്.
ഇതിനിടെ മുന്നൊരുക്കൾ ആരാഞ്ഞപ്പോൾ ഒന്നും പറയാനില്ലാതെ വെട്ടി വിയർത്ത മന്ത്രിമാരെയാണ് അമിത് ഷാ വിമർശിച്ചത്. നിങ്ങൾ മന്ത്രിമാരായതിന്റെ തിരക്കിലായിരിക്കുമല്ലേ എന്ന് അമിത് ഷാ കുറ്റപ്പെടുത്തികയും ചെയ്തു. രാജ്യത്ത് ഏറ്റവും തിരക്കുള്ള പ്രധാനമന്ത്രി പോലും സംഘടനാകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് അമിത് ഷാ ഓർമപ്പെടുത്തുകയായിരുന്നു.
പ്രധാനമന്ത്രി ജമ്മുവിലേക്ക് പോയി, 200 പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്താനാണ് താൻ ഇവിടെ വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു, നിങ്ങൾക്ക് തയാറെടുപ്പിന് സമയം കിട്ടിയില്ല. മന്ത്രിയായതുകൊണ്ട് തിരക്കിലാണ്. അങ്ങനെയാണോ എന്നാണ് അമിത് ഷാ ചോദ്യം ചെയ്തത്.
കൂടാതെ, തനിക്ക് വൈകിട്ട് എല്ലാ വിവരങ്ങളും ഓഫിസിൽ എത്തിച്ച് തരണമെന്ന് മന്ത്രിമാർക്ക് അന്ത്യശാസനം നൽകുകയും ചെയ്തു. യോഗത്തിൽ നാൽപത് മിനിറ്റോളം മന്ത്രിമാരെ എഴുന്നേൽപ്പിച്ച് നിർത്തിയായിരുന്നു അമിത് ഷായുടെ ശാസിക്കൽ.
കൂടാതെ, കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നതിൽ നീരസമുള്ള ബിജെപി പ്രവർത്തകരോട്, ബിജെപിയുടെ ആശയത്തോട് ദീർഘകാലം പ്രതിബദ്ധത കാണിക്കാൻ കഴിയുന്നവർ മാത്രം പാർട്ടിയിൽനിന്ന് എന്തെങ്കിലും തിരിച്ചു പ്രതീക്ഷിച്ചാൽ മതിയെന്നും അമിത് ഷാ ഓർമ്മിപ്പിച്ചു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലും ബിജെപിക്കായിരുന്നു വിജയം. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനായതും പാർട്ടിക്ക് സന്തോഷം പകരുന്നുണ്ട്.