കൊൽക്കത്ത: സീതയെന്നും അക്ബറെന്നും പേരുള്ള സിംഹങ്ങളെ ഒരുമിച്ച് താമസിപ്പിക്കുന്നതിന് എതിരെ നൽകിയ ഹർജിയിൽ വിമർശനവുമായി കൽക്കട്ട ഹൈക്കോടതി. സിംഹങ്ങൾക്ക് സീതയെന്നും അക്ബറെന്നും പേരിട്ടതിൽ ഹൈക്കോടതി വിയോജിപ്പ് അറിയിച്ചു.
പട്ടിക്കും പൂച്ചയ്ക്കുമൊക്കെ ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് ചോദിച്ച കോടതി അക്ബർ എന്നത് പ്രഗൽഭനായ മുഗൾ രാജാവിന്റെ പേരായിരുന്നെന്നും ചൂണ്ടിക്കാണിച്ചു. കൂടാതെ, സിംഹത്തിന് ടാഗോർ എന്ന് പേരിടുമോയെന്നും കോടതി ചോദിച്ചു. മതേതരത്വമുള്ള രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്നും കോടതി പറഞ്ഞു.
‘അക്ബർ’ എന്ന ആൺ സിംഹത്തെയും ‘സീത’ എന്ന പെൺസിംഹത്തെയും മൃഗശാലയിൽ ഒന്നിച്ചു പാർപ്പിക്കുന്നതിനെതിരെയായിരുന്നു വിശ്വഹിന്ദു പരിഷത്ത് കൽക്കട്ട ഹൈക്കോടതിയിൽ ഹർജി നൽകിയത്. അക്ബർ നാമത്തിലുള്ള സിംഹത്തിനൊപ്പം സീതയെന്ന പെൺസിംഹത്തെ താമസിപ്പിക്കുന്നത് ഹിന്ദുമത വിശ്വാസത്തെ അപമാനിക്കുന്നതിന് വേണ്ടിയാണെന്നാണ് വിഎച്ച്പിയുടെ വാദം. പെൺ സിംഹത്തിന്റെ പേരു മാറ്റണമെന്നും ഹർജിക്കാർ വാദിച്ചിരുന്നു. സംസ്ഥാന വനംവകുപ്പും ബംഗാൾ സഫാരി പാർക്ക് ഡയറക്ടറുമാണ് എതിർകക്ഷികൾ.
അതേസമയം, ഈ പേരിട്ടത് ത്രിപുര സർക്കാരാണെന്നും പേര് മാറ്റാൻ തയ്യാറാണെന്നും പശ്ചിമ ബംഗാൾ സർക്കാർ കോടതിയെ അറിയിച്ചു. ഫെബ്രുവരി 13നാണ് ആണ് ഇണചേർക്കുന്നതിനായി ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നു സിംഹങ്ങളെ ബംഗാളിൽ എത്തിച്ചത്.
സിംഹത്തിന് സീതയെന്ന് പേരിട്ടാൽ എന്താണ് ബുദ്ധിമുട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഹർജിക്കാരായ വിഎച്ച്പിയോട് ഹൈക്കോടതി ചോദിച്ചത്.
Discussion about this post