ന്യൂഡല്‍ഹി: പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ഉറങ്ങാതിരിക്കാനുള്ള മരുന്ന് നിരന്തരം കഴിച്ച വിദ്യാര്‍ഥി കുഴഞ്ഞുവീണു. പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
ഉത്തര്‍പ്രദേശിലെ ലഖ്‌നൗവലാണ് സംഭവം. കുറേകാലമായി വിദ്യാര്‍ത്ഥി’ആന്റി-സ്ലീപ്പ്’ മരുന്ന് കഴിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നിന്റെ അമിതോപയോഗം ഞരമ്പുകള്‍ വീര്‍ക്കാന്‍ കാരണമായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒരു ദിവസം വൈകുന്നേരം പെണ്‍കുട്ടി ബോധരഹിതയായി വീഴുകയായിരുന്നു. കുട്ടിയുടെ മുറിയിലെ ഡ്രോയറില്‍ ഒരു കുപ്പി നിറയെ ഗുളികകള്‍ കണ്ടപ്പോള്‍ മാതാപിതാക്കള്‍ അത് ഡോക്ടറെ കകെമാറി. പെണ്‍കുട്ടി ഉറക്കമൊഴിക്കാനുള്ള ഗുളികകള്‍ കഴിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേസമയം, പരീക്ഷാ സമയങ്ങളില്‍ ഉറങ്ങാതെ പഠിക്കാന്‍ സഹായിക്കുന്ന ഗുളികകള്‍ കഴിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുവരികയാണെന്ന് ന്യൂറോ സര്‍ജന്‍ ഡോ.ശരദ് ശ്രീവാസ്തവ പറഞ്ഞു. വളരെ അപകടകരമായ പ്രവണതയാണിത്. ബാങ്കോക്ക് പോലുള്ള നഗരങ്ങളില്‍ നിന്നാണ് മരുന്ന് എത്തുന്നത്. ഇത്തരം മരുന്നുകള്‍ക്ക് അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.