ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ സെലിബ്രിറ്റികളെ വിമർശിക്കുന്നതിന് എതിരെ ബിജെപി രംഗത്ത്. രാഹുൽ നടി ഐശ്വര്യ റായിയെ നിരന്തരം അപകീർത്തിപ്പെടുത്തുകയാണെന്നും ഇതിലൂടെ ഏറ്റവും തരംതാഴ്ന്ന തലത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും ബിജെപി ആരോപിച്ചു.
അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠാ ചടങ്ങിൽ സെലബ്രിറ്റികളടക്കം പങ്കെടുത്തതിനെ രാഹുൽ വിമർശിച്ചിരുന്നു.ചടങ്ങിൽ പങ്കെടുക്കാത്ത ഐശ്വര്യ റായിയുടെ പേരും എടുത്തുപറഞ്ഞ് രാഹുൽ വിമർശിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്. പല വിഷയങ്ങളിലും അദ്ദേഹം ഐശ്വര്യ റായിയുടെ പേരെടുത്ത് പരാമർശിച്ച് കേന്ദ്രത്തെ രാഹുൽ വിമർശിച്ചിരുന്നു.
രാഷ്ട്രീയത്തിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് രാഹുൽ ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹത്തിന്റേത് കന്നഡവിരുദ്ധ പരാമർശങ്ങളാണെന്നും കർണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ബിജെപി കുറ്റപ്പെടുത്തുന്നത്. രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനാവാല പറഞ്ഞു.
അതേസമയം, അയോധ്യ പ്രതിഷ്ഠാ ചടങ്ങിൽ അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. എന്നാൽ ഐശ്വര്യ റായ് ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
‘പ്രതിഷ്ഠാ ചടങ്ങിൽ അമിതാഭ് ബച്ചൻ, ഐശ്വര്യ റായ്, നരേന്ദ്ര മോഡി എന്നിവർ ഉണ്ടായിരുന്നു. എന്നാൽ, അവിടെ ഒരു ഒബിസി നേതാക്കളാരെങ്കിലും ഉണ്ടായിരുന്നോ?’ എന്നാണ് ന്യായ് യാത്രയിൽ സംസാരിക്കവേ രാഹുൽ ഗാന്ധി ചോദ്യം ചെയ്തത്.