ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലെ ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി കമ്പനി. എക്സിന്റെ ഗ്ലോബല്‍ ഗവണ്മെന്റ് അഫയേഴ്സ് പേജിലാണ് ഈ വിവരം പുറത്തുവിട്ടത്. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രമായി വിലക്കുമെന്നും എന്നാല്‍ ഇത്തരം നടപടികളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും എക്സ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം ചില അക്കൗണ്ടുകള്‍ പിന്‍വലിച്ചിരുന്നുവെന്നും എക്സ് വെളിപ്പെടുത്തി.
എന്നാല്‍, നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണെന്നും ഇതിനോട് വിയോജിക്കുന്നതായും എക്സ് പ്ലാറ്റ് ഫോം അധികൃതര്‍ അറിയിച്ചു.
അതേസമയം, കര്‍ഷകസമരവുമായി ബന്ധപ്പെട്ട 177 അക്കൗണ്ടുകള്‍ താല്കാലികമായി ബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കൂടാതെ, പിഴയീടാക്കുന്നതും ജയില്‍ തടവും ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ മാത്രം ചില അക്കൗണ്ടുകളും പോസ്റ്റുകളും പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് സുതാര്യതയെ ബാധിക്കുമെന്നും എക്സ് വ്യക്തമാക്കി.
കര്‍ഷക നേതാക്കളുടെയും കര്‍ഷക സമരവുമായി ബന്ധപ്പെട്ട എക്സ് അക്കൗണ്ടുകളും റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികരണം. കഴിഞ്ഞ കര്‍ഷക സമര സമയത്തും ഇപ്പോഴത്തെ കര്‍ഷക സമരത്തിനിടെയും അക്കൗണ്ടുകള്‍ റദ്ദാക്കിയ സംഭവവും ചില പോസ്റ്റുകള്‍ക്കെതിരായ നടപടിയും ഉണ്ടായിരുന്നു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നതിനിടെയാണ് ഇക്കാര്യത്തില്‍ പ്രതികരണവുമായി എക്സ് രംഗത്തെത്തിയത്.
Discussion about this post