ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഇനി രാജ്യസഭാ എംപി. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് സോണിയ തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.
23 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതത്തില്‍ ആദ്യമായിട്ടാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എത്തുന്നത്. കര്‍ണാടക, തെലുങ്കാന പിസിസികള്‍ ഈ സംസ്ഥാനങ്ങള്‍ വഴി രാജ്യസഭയില്‍ എത്തണമെന്ന് സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഹിന്ദി ഹൃദയഭൂമി എന്നത് പരിഗണിച്ചാണ് തട്ടകമായി രാജസ്ഥാന്‍ തെരെഞ്ഞെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പാര്‍ലമെന്റ് അംഗങ്ങളായിരിക്കെ, പ്രാദേശിക സന്തുലനം കൂടി കണക്കിലെടുത്തായിരുന്നു തീരുമാനം.
ലോക്‌സഭയില്‍ നിന്നാണ് ഇതുവരെ സോണിയ ഗാന്ധി പാര്‍ലമെന്റില്‍ എത്തിയിരുന്നത്. കര്‍ണാടകയിലെ ബെല്ലാരിയില്‍ വിജയിച്ചെങ്കിലും പിന്നീട് ഈ മണ്ഡലം ഒഴിവാക്കി രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേഠി, സോണിയ സ്വന്തം മണ്ഡലമാക്കുകയായിരുന്നു. 2004 മുതല്‍, യുപിയിലെ റായ്ബറേലി എംപിയാണ്. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാവായ ഒരു നെഹ്റു കുടുംബാംഗം രാജ്യസഭയില്‍ എത്തുന്നത്.
‘പ്രായാധിക്യവും അനാരോഗ്യവും മൂലമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. തീരുമാനത്തിന് ശേഷം നേരിട്ട് എനിക്ക് നിങ്ങളെ സേവിക്കാനാവില്ല. പക്ഷേ എന്റെ ഹൃദയവും ആത്മാവും റായ്ബറേലിക്കൊപ്പമാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നതിന് നന്ദി. റായ്ബറേലിയുമായി കുടുംബത്തിനുള്ള ബന്ധം ആഴത്തിലുള്ളതാണ്.’ മണ്ഡലത്തില്‍ നിന്ന് ഇനി മത്സരിക്കുന്നില്ലെന്ന തീരുമാനവും ഹൃദയസ്പര്‍ശിയായ കുറിപ്പിലൂടെ സോണിയ ജനങ്ങളെ അറിയിച്ചു.
Discussion about this post