ന്യൂഡൽഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണെന്ന ആത്മവിശ്വാസം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബിജെപി മൂന്നാം ഊഴം നേടുമെന്നതിൽ പല വിദേശരാജ്യങ്ങളും ആത്മവിശ്വാസത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളും ജൂലൈ മാസം മുതൽ സന്ദർശനത്തിനായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
”രാജ്യത്ത് തിരഞ്ഞെടുപ്പ് വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ, എന്നെ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പല രാജ്യങ്ങളിൽനിന്നും സന്ദർശനത്തിനായി ക്ഷണിച്ചിട്ടുണ്ട്. എന്താണിത് സൂചിപ്പിക്കുന്നത്? പല രാജ്യങ്ങളും ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ്. മോഡി മാത്രമേ വരൂ എന്ന് അവർക്കറിയാം. അധികാരം ആസ്വദിക്കാനല്ല മൂന്നാം ഊഴം ചോദിക്കുന്നത്, രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനാണ്.’- ന്യൂഡൽഹിയിൽ ബിജെപിയുടെ ദേശീയ കൺവൻഷനിൽ സംസാരിക്കവെ മോഡി പറഞ്ഞു.
ALSO READ- ‘ഹോട്ട് ഗ്രീൻ’ ലുക്കിൽ അഹാന കൃഷ്ണ; ബോഡി ഷെയിമിംഗും വിമർശനവുമായി സോഷ്യൽമീഡിയയും
അടുത്ത നൂറു ദിവസം ഊർജത്തോടെ പ്രവർത്തിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കണമെന്നും ബിജെപി നേതാക്കളോടു പ്രധാനമന്ത്രി നിർദേശിച്ചു. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണം. എല്ലാവരുടെയും വിശ്വാസം നേടണം. എൻഡിഎ 400 സീറ്റ് നേടണമെന്നും മോഡി പറഞ്ഞു.
ചരിത്രപരമായ പല തീരുമാനങ്ങളും കഴിഞ്ഞ പത്തു വർഷത്തിനിടെയെടുത്തു എന്നും മോഡി പ്രസംഗത്തിൽ വ്യക്തമാക്കി. അഞ്ചു നൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ട് രാമക്ഷേത്രം നിർമിക്കാനായി. ആർട്ടിക്കിൾ 370 റദ്ദാക്കി. രാജ്യത്തിനു വേണ്ടി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിനൊപ്പം വനിതാ സംവരണ ബിൽ പാസാക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.
Discussion about this post