മുംബൈ: ന്യൂയോർക്കിൽനിന്ന് മുംബൈയിൽ വന്നിറങ്ങിയ 80കാരൻ വീൽചെയർ കിട്ടാതിരുന്നതിനെ തുടർന്ന് നടക്കുന്നതിനിടെ വിമാനത്താവളത്തിലെ എമിഗ്രേഷൻ കൗണ്ടറിൽ കുഴഞ്ഞുവീണു മരിച്ചു. എയർഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ എൺപതുകാരനും ഭാര്യയും വീൽചെയർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ ഒരു വീൽചെയർ മാത്രമാണ് ലഭിച്ചത്.
തുടർന്ന് ഭാര്യയെ വീൽചെയറിൽ ഇരുത്തിയ ശേഷം എൺപതുകാരൻ ടെർമിനലിലേക്കു നടക്കുകയായിരുന്നു. ഇമിഗ്രേഷൻ കൗണ്ടറിലേയ്ക്ക് എത്താൻ 1.5 കിലോമീറ്ററോളം നടക്കേണ്ടിയിരുന്നു. ഇതേതുടർന്നാണ് അവശനായ അദ്ദേഹം പെട്ടെന്നു കുഴഞ്ഞുവീണത്. ഉടനെ തന്നെ വൈദ്യസഹായം നൽകിയ ശേഷം നാനാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിങ്കളാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. ഉച്ചയ്ക്കു 2.10-നാണ് വിമാനം മുംബൈയിൽ ലാൻഡ് ചെയ്തത്. വൃദ്ധദമ്പതിമാർ ഞായറാഴ്ച ന്യൂയോർക്കിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ മുംബൈയിലേക്ക് യാത്ര തിരിച്ചത്. വിമാനത്തിൽ അത്തരത്തിൽ വീൽചെയർ ബുക്ക് ചെയ്തിരുന്ന 32 യാത്രികരുണ്ടായിരുന്നു. എന്നാൽ 15 വീൽചെയറുകൾ മാത്രമാണ് ലഭ്യമാക്കിയിരുന്നതെന്നാണു വിവരം.
വീൽചെയർ ദൗർലഭ്യം മൂലം കുറച്ചുസമയം കാത്തിരിക്കാൻ എൺപതുകാരനായ യാത്രികനോടു പറഞ്ഞിരുന്നുവെന്നും എന്നാൽ അതിനു കാത്തുനിൽക്കാതെ അദ്ദേഹം ഭാര്യയ്ക്കൊപ്പം നടക്കുകയായിരുന്നു എന്നുമാണ് എയർ ഇന്ത്യ വക്താവ് വിശദീകരിച്ചത്.
ALSO READ-എംഡിഎംഎയുമായി ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ; സംഭവം വയനാട്ടിൽ
ഈ സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും മരിച്ചയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
Discussion about this post