ഇന്‍ഡോര്‍: മക്കളെ നിര്‍ബന്ധിച്ച് ഭിക്ഷാടനത്തിനയച്ച യുവതിക്കെതിരെ പോലീസ് കേസ്. രാജസ്ഥാന്‍ സ്വദേശിനിയായ 40 വയസുകാരിക്കെതിരെയാണ് കേസ്. അഞ്ച് മക്കളുള്ള യുവതി എട്ട് വയസ്സുള്ള മകളെയും രണ്ട് ആണ്‍മക്കളെയും കൊണ്ടാണ് ഇന്‍ഡോറിലെ തെരുവില്‍ ഭിക്ഷാടനത്തിന് എത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുന്നത്. എട്ട് വയസുകാരിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാക്കിയിരിക്കുകയാണ്. ഭിക്ഷാടനത്തിനിടെ പോലീസിനെ കണ്ട് ഇവരുടെ ഒമ്പതും പത്തും വയസ്സുള്ള ആണ്‍ മക്കള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
യുവതിയുടെ മറ്റ് രണ്ടു മക്കള്‍ രാജസ്ഥാനിലാണ്. യുവതിയെക്കുറിച്ചും ഭിക്ഷാടന സംഘത്തെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുട്ടികളെ ഭിക്ഷാടനത്തിന് നിര്‍ബന്ധിക്കുന്ന സംഘങ്ങള്‍ക്കെതിരെ നടപടിയിടെുക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
അതേസമയം, 45 ദിവസം കൊണ്ട് ഇവര്‍ സമ്പാദിച്ചത് 2.5 ലക്ഷം രൂപയാണെന്നാണ് വിവരം. മക്കളെ കൊണ്ട് ഭിക്ഷയെടുപ്പിച്ച് ഇവര്‍ വലിയ സമ്പാദ്യമുണ്ടാക്കിയതായി പോലീസ് കണ്ടെത്തി. ഇവരുടെ കുടുംബത്തിന് രാജസ്ഥാനില്‍ ഭൂമിയും ഇരുനില വീടും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്‍ഡോര്‍-ഉജ്ജയിന്‍ റോഡിലെ ലുവ്-കുഷ് ഇന്റര്‍ സെക്ഷനില്‍ ചെറിയ കുട്ടികളെകൊണ്ട് ഭിക്ഷയെടുപ്പിക്കുന്ന് കണ്ടാണ് പ്രവേഷ് എന്ന എന്‍ജിഒ വിവരം പോലീസില്‍ അറിയിക്കുന്നത്. പോലീസെത്തി പരിശോധിച്ചപ്പോള്‍ ഇവരുടെ ഭാണ്ഡത്തില്‍ നിന്നും 19,200 രൂപ പണം കണ്ടെത്തി.
കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ താന്‍ ഭിക്ഷയായി 2.5 ലക്ഷം രൂപ സമ്പാദിച്ചതായും അതില്‍ ഒരു ലക്ഷം രൂപ ഭര്‍ത്താവിന് അയച്ചുകൊടുത്തതായും 50,000 രൂപ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായും സ്ഥിര നിക്ഷേപ പദ്ധതികളില്‍ (എഫ്ഡി) 50,000 രൂപ നിക്ഷേപിച്ചതായും യുവതി മൊഴി നല്‍കി.