9 ദിവസം നീണ്ട തിരച്ചില്‍: സംവിധായകന്‍ വെട്രി ദുരൈസാമിയുടെ മൃതദേഹം കണ്ടെത്തി

ഷിംല: വാഹനാപകടത്തില്‍പ്പെട്ട തമിഴ് സംവിധായകന്‍ വെട്രി ദുരൈസാമി(45)യുടെ മൃതദേഹം കണ്ടെത്തി. വാഹനം അപകടത്തില്‍പ്പെട്ട് 9 ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. തമിഴ് സിനിമാ സംവിധായകനും മുന്‍ ചെന്നൈ മേയറുടെ മകനുമാണ് വെട്രി ദുരൈസാമി.

ഫെബ്രുവരി നാലിന് ഹിമാചല്‍ പ്രദേശിലെ സത്‌ലജ് നദിയിലേക്ക് വെട്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ വീഴുകയായിരുന്നു. ദേശീയ പാത 5ല്‍ ലാഹോള്‍ സ്പിതിയ്ക്ക് സമീപത്തായി കാശാംഗ് നാലയ്ക്ക് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

ഷിംലയില്‍ നിന്ന് സ്പിതിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. വാഹനം നദിയിലേക്ക് വീണതിന് പിന്നാലെ വെട്രിയുടെ സഹയാത്രികനായ ഗോപിനാഥിനെ രക്ഷിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കാര്‍ ഡ്രൈവറായ ടെന്‍സിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വെട്രിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മകനെ കണ്ടെത്തുകയോ വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് 1 കോടി രൂപ പ്രതിഫലം നല്‍കുമെന്ന് ചെന്നൈ മുന്‍ മേയറായ സായ്ദായ് ദുരൈസാമി അറിയിച്ചിരുന്നു.

വെട്രിക്കായി തെരച്ചില്‍ നടത്തിയ സംഘം നദീ തീരത്ത് തലച്ചോറിന് സമാനമായ വസ്തു നേരത്തെ കണ്ടെത്തിയത് ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, ദേശീയ ദുരന്ത നിവാരണം സേന, സംസ്ഥാന ദുരന്ത നിവാരണ സേന അടക്കമുള്ള സംയുക്ത സംഘമാണ് വെട്രിയ്ക്കായി സത്‌ലജ് നദിയില്‍ തെരച്ചില്‍ നടത്തിയത്. തിങ്കളാഴ്ചയോടെയാണ് അപകടം നടന്നതിന് 3 കിലോമീറ്റര്‍ അകലെയായി വെട്രിയുടെ മൃതദേഹം കണ്ടെത്തിയത്.

Exit mobile version