ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നയിക്കുന്ന കര്‍ഷകരെ ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ തടഞ്ഞ് പോലീസ്. ഇരുനൂറിലേറെ കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഡല്‍ഹി ചലോ’ കര്‍ഷക മാര്‍ച്ചാണ് പോലീസ് തടയാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പിന്മാറാന്‍ തയ്യാറാകാത്ത കര്‍ഷകര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ഭേദിച്ച് മുന്നോട്ട് ചലിക്കുകയാണ്.
അതിര്‍ത്തികളെല്ലാം പോലീസ് അടച്ചിരിക്കുകയാണ്. എങ്കിലും ബാരിക്കേഡുകള്‍ ഭേദിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങുന്നത് പോലീസിന് വലിയ വെല്ലുവിളിയായി. ഇതിനിടെ ഹരിയാണ അതിര്‍ത്തിയായ ശംഭുവില്‍ പോലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണീര്‍വാതക പ്രയോഗം ഉണ്ടായത്. നേരത്തേ ഇവിടെ നിന്ന് കര്‍ഷകരെ അറസ്റ്റ് ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ശംഭു അതിര്‍ത്തിയില്‍ വെച്ച് കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുമുണ്ട്. അതേസമയം, കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍ രംഗത്തെത്തി. കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാനായി സ്റ്റേഡിയം ജയിലാക്കി മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും ഡല്‍ഹി ഭരിക്കുന്ന എഎപി സര്‍ക്കാര്‍ ഈ നീക്കം തടഞ്ഞു.
Discussion about this post