കുളു: പാരാഗ്ലൈഡിംഗിനിടെ വീണ് ഹൈദരാബാദ് സ്വദേശിനിക്ക് ദാരുണാന്ത്യം. സംഭവത്തില്‍ പാരാഗ്ലൈഡിംഗ് പൈലറ്റിനെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയിലാണ് സംഭവം. പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന് കുളുവിലെ ടൂറിസം ഓഫീസര്‍ സുനൈന ശര്‍മ പറഞ്ഞു. തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നവ്യ ഭര്‍ത്താവ് സായ് മോഹനും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം അവധി ആഘോഷിക്കാന്‍ കുളുവില്‍ എത്തിയതാണ്.
ചണ്ഡിഗഡിലെ മൊഹാലിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്നു ദമ്പതികള്‍. കുളുവിലെ ദോഭി ഗ്രാമത്തിലാണ് നവ്യയും സഹപ്രവര്‍ത്തകരും പാരാഗ്ലൈഡിംഗിന് എത്തിയത്. റിവ്യാന്‍ഷ് അഡ്വഞ്ചേഴ്സ് എന്ന കമ്പനിയെ സമീപിച്ചു. പാരാഗ്ലൈഡിംഗിനിടെ നവ്യ മുകളില്‍ നിന്ന് വീഴുകയായിരുന്നു.
ALSO READ ഗോഡ്‌സെയെ പ്രകീർത്തിച്ച കേസ്; എൻഐടി അധ്യാപിക പോലീസ് സ്‌റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരായില്ല
സുരക്ഷാ ബെല്‍റ്റ് ശരിയായി ധരിപ്പിക്കാത്തതാണ് അപകട കാരണമെന്ന് കണ്ടെത്തി. പാരാഗ്ലൈഡിംഗ് സര്‍വീസ് കമ്പനിക്കും പൈലറ്റിനും ലൈസന്‍സുണ്ടായിരുന്നു. സാഹസിക വിനോദത്തിനായി ഉപയോഗിക്കുന്ന എല്ലാ സുരക്ഷാ ഉപകരണങ്ങളും ഇവരുടെ കൈവശമുണ്ടായിരുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കുന്നതിലെ പൈലറ്റിന്റെ അശ്രദ്ധയാണ് യുവതിയുടെ ദാരുണാന്ത്യത്തിന് കാരണമെന്നാണ് വിവരം.