മുംബൈ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി പാര്‍ട്ടിയിലെ ഉള്‍പ്പോര്. മഹാരാഷ്ട്രയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. ചവാന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ബിജെപി എംപിയായി രാജ്യസഭയിലേക്ക് ഉടനെ നാമനിര്‍ദേശം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ മിലിന്ദ് ദിയോറയും ബാബ സിദ്ധിഖും പാര്‍ട്ടി വിട്ടതിന് തൊട്ടുപിന്നാലെയാണ് ചവാനും കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്. മിലിന്ദ് ദിയോറ കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് ഷിന്‍ഡെ വിഭാഗം ശിവസേനയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ മഹാരാഷ്ട്രയിലെ മുന്‍മന്ത്രി കൂടിയായ ബാബ സിദ്ധിഖ് കോണ്‍ഗ്രസ് വിട്ട് കഴിഞ്ഞദിവസം എന്‍സിപിയില്‍ ചേര്‍ന്നിരുന്നു.
മഹാരാഷ്ട്ര പിസിസി മുന്‍ അധ്യക്ഷന്‍ കൂടിയാണ് അശോക് ചവാന്‍. പിസിസി അധ്യക്ഷന്‍ നാനാ പഠോളെയുമായുള്ള അഭിപ്രായ ഭിന്നതകളാണ് ചവാന്റെ രാജിക്കു പിന്നിലെന്നാണ് സൂചനകള്‍.
ചവാന്‍ ബിജെപിയിലേക്ക് പോകുമെന്ന് കുറച്ചുനാളുകളായി അഭ്യൂഹമുണ്ടായിരുന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. കോണ്‍ഗ്രസിലെ പല നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ ശ്വാസംമുട്ടുകയാണെന്ന് ഫഡ്‌നാവിസ് പറഞ്ഞിരുന്നു.