കൊല്‍ക്കത്ത: റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ ദേഹമാസകലം പരിക്കേറ്റതിന്റെ പാടുകള്‍. കൊല്‍ക്കത്ത ബാരാനഗര്‍ സ്വദേശി തപസ് സാഹ(30)യുടെ മൃതദേഹമാണ് ബെല്‍ഘാരിയ സിസിആര്‍ റെയില്‍വേ പാലത്തിന് സമീപത്തുവെച്ച് കണ്ടെത്തിയത്. സാഹയുടെ മരണം കൊലപാതകമാണെന്നും അയല്‍ക്കാരനും സാഹയുടെ ഭാര്യയുടെ മുന്‍ഭര്‍ത്താവുമായ ശിബപ്രസാദ് ദാസ് എന്ന ഷിബുവാണ് കൃത്യം നടത്തിയതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
ശനിയാഴ്ച രാത്രി പ്രതിയെന്ന് സംശയിക്കുന്ന ഷിബുവും കൂട്ടാളികളും യുവാവിനെ റെയില്‍വേ പാലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടിരുന്നതായി നാട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് ദേഹമാസകലം പരിക്കേറ്റനിലയില്‍ സാഹയുടെ മൃതദേഹം റെയില്‍വേ പാലത്തിന് സമീപം കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഷിബു ഒളിവില്‍പോയതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പാണ് അയല്‍ക്കാരനായ ഷിബുവിന്റെ മുന്‍ഭാര്യയെ സാഹ വിവാഹം കഴിച്ചത്. ഇതിനുശേഷം സാഹയ്ക്കെതിരേ ഷിബു നിരന്തരം ഭീഷണി മുഴക്കിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്.
ഷിബുവിന്റെ ഭാര്യയും സാഹയും തമ്മില്‍ അടുപ്പത്തിലായതോടെ ഷിബു രണ്ടുപേരെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, ഇരുവരും ബന്ധം തുടരുകയും യുവതി ഷിബുവില്‍നിന്ന് വിവാഹമോചനം നേടുകയും ചെയ്യുകയായിരുന്നു. പിന്നീട് സാഹയെ വിവാഹം കഴിക്കുകയും ചെയ്തു.