ചെന്നൈ: വിഷ പദാര്‍ഥമായ റോഡാമൈന്‍-ബിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ഞിമിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തി പുതുച്ചേരി. പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന് ആണ് നിരോധനം ഏര്‍പ്പെടുത്തിയത്.
കുട്ടികള്‍ക്ക് പഞ്ഞിമിഠായി വാങ്ങി നല്‍കരുതെന്ന് ഗവര്‍ണര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മിഠായിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വിഷ പദാര്‍ഥമായ റോഡാമൈന്‍-ബിയുടെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായും തമിഴിസൈ സൗന്ദരരാജന് പറഞ്ഞു.
പഞ്ഞി മിഠായി വില്‍ക്കുന്ന എല്ലാ കടകളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. വിഷപദാര്‍ത്ഥത്തിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ കടകള്‍ അടച്ചിടും. കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണം കുട്ടികള്‍ക്ക് നല്‍കരുതെന്ന് ആളുകള്‍ അറിഞ്ഞിരിക്കണമെന്നും ഇവര്‍ പറഞ്ഞു.
അതേസമയം, ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നവര്‍ക്ക് പഞ്ഞി മിഠായി വില്ക്കാന് അനുമതി നല്‍കിയേക്കും.
Discussion about this post