ചെന്നൈ: കൃഷിപ്പണിക്കായി വന്ന ദളിത് സ്ത്രീകളോട് തൊട്ടുകൂടായ്മ കാണിച്ച സംഭവത്തില്‍ രണ്ടുസ്ത്രീകളെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. തൊഴിലാളികള്‍ക്ക് ചിരട്ടയില്‍ ചായ കൊടുക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് നടപടി. ധര്‍മപുരി ജില്ലയിലെ മാറപ്പനയക്കന്‍പട്ടിയിലായിരുന്നു ഈ സംഭവം.
പ്രദേശത്തെ പ്രബലരായ കൊങ്ങുവെള്ളാളര്‍ സമുദായത്തില്‍പ്പെട്ട ഭുവനേശ്വരന്റെ കൃഷിയിടത്തില്‍ ജോലിചെയ്യാന്‍ അയല്‍ഗ്രാമത്തില്‍നിന്നുള്ള അഞ്ചുസ്ത്രീകളെത്തിയിരുന്നു. പട്ടികജാതിയില്‍പ്പെട്ട സമുദായക്കാരായിരുന്നു ഇവര്‍. ജോലിക്കിടെ വീട്ടുടമയുടെ ഭാര്യ ധരണിയും അമ്മ ചിന്നത്തായിയും സ്ത്രീകള്‍ക്ക് ചായ നല്‍കിയിരുന്നു. സ്ത്രീകള്‍ക്ക് ഗ്ലാസില്‍ ഒഴിക്കുന്നതിനുപകരം ചിരട്ടയിലാണ് ചായ കൊടുത്തത്.
ഈ ദൃശ്യങ്ങൾ അയൽവാസികളിലൊരാൾ പകർത്തി പുറത്തുവിടുകയായിരുന്നു. പിന്നാലെ ജോലിക്കാരിൽ ഒരാളായ സെല്ലി പോലീസിൽ പരാതിയും നൽകി.
ജാതിവിവേചനം കാണിച്ചതിനും പട്ടികവിഭാഗക്കാരോട് അതിക്രമം കാണിച്ചതിനും ധരണിക്കും ചിന്നത്തായിക്കും എതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്ത് സേലം സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
Discussion about this post