ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല; പക്ഷെ, തിരഞ്ഞെടുപ്പിന് മുന്‍പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കും: അമിത് ഷാ

ന്യൂഡല്‍ഹി: ഒരിക്കല്‍ പിന്മാറിയെങ്കിലും ഇത്തവണത്തെ ലോക്‌സഭാ തിരിഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കാന്‍ ഒരുങ്ങി എന്‍ഡിഎ സര്‍ക്കാര്‍. തെരഞ്ഞെടുപ്പിനു മുമ്പായി സിഎഎ നടപ്പാക്കുമെന്നും എന്നാല്‍ ആരുടെയും പൗരത്വം തട്ടിപ്പറിക്കുകയല്ല ലക്ഷ്യമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.

ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സസ്‌പെന്‍സും സംഭവിക്കില്ലെന്നും വീണ്ടും പ്രതിപക്ഷ സ്ഥാനത്ത് തന്നെയാണ് തങ്ങളുടെ സ്ഥാനമെന്ന് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ ഇ ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കവെ പരിഹസിച്ചു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് എന്‍ഡിഎയും ഇന്‍ഡ്യ സഖ്യവും തമ്മിലുള്ള പോരാട്ടമല്ലെന്നും മറിച്ച് വികസനവും പാഴായ വാഗ്ദാനങ്ങളും തമ്മിലുള്ള മത്സരമായിരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

ALSO READ- പഠനക്യാംപിന് പോയ മലപ്പുറത്തെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ചു; സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

‘ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം അനുഛേദം ഞങ്ങള്‍ മരവിപ്പിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജനം 370 സീറ്റ് നല്‍കി ബിജെപിയെയും 400ലേറെ സീറ്റുകള്‍ നല്‍കി എന്‍ഡിഎയും അനുഗ്രഹിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്’-അമിത് ഷാ പറഞ്ഞു.

പുതുതായി എന്‍ഡിഎഎയിലേക്ക് രാഷ്ട്രീയ ലോക് ദള്‍, ശിരോമണി അകാലി ദള്‍ എന്നിവക്കു പിന്നാലെ കൂടുതല്‍ പ്രദേശിക പാര്‍ട്ടികള്‍ എത്തിച്ചേരുമെന്നും അമിത് ഷാ സൂചിപ്പിച്ചു.

Exit mobile version