ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യാ രാമക്ഷേത്രത്തിന് സമീപത്ത് ആഗോള ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിക്ക് ഔട്‌ലെറ്റ് ആരംഭിക്കാന്‍ അനുമതി. ക്ഷേത്രത്തിന്റെ പരിസരത്ത് നിരവധി തരത്തിലുള്ള കടകള്‍ക്ക് അനുമതി നല്‍കുന്നതിനിടെയാണ് കെഎഫ്‌സിക്കും അനുമതി ലഭിച്ചിരിക്കുന്നത്. കെഎഫ്‌സിക്കും ക്ഷേത്രത്തിനു സമീപം ഔട്ട്‌ലെറ്റ് തുടങ്ങാന്‍ അനുമതി നല്‍കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്നാല്‍ കെഎഫ്‌സി ഉള്‍പ്പടെയുള്ള ഷോപ്പ് തുറക്കാന്‍ അനുമതി ലഭിച്ച ആര്‍ക്കും തന്നെ ക്ഷേത്ര പരിസരത്ത് മാംസാഹാരം വിളമ്പാനാകില്ല. സസ്യാഹാരങ്ങള്‍ക്ക് മാത്രമായിരിക്കും അനുമതി. ഇന്ത്യ ടുഡേ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘അയോധ്യയില്‍ തങ്ങളുടെ കടകള്‍ സ്ഥാപിക്കാന്‍ വന്‍കിട ഫുഡ് ചെയിന്‍ ഔട്ട്ലെറ്റുകളില്‍ നിന്ന് ഓഫറുകളുണ്ട്. അവരെ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു, പക്ഷേ ഒരു നിയന്ത്രണമേ ഉള്ളൂ, അവര്‍ നോണ്‍-വെജ് ഭക്ഷണങ്ങള്‍ നല്‍കരുത്’- സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
വെജിറ്റേറിയന്‍ ഐറ്റങ്ങള്‍ മാത്രം വില്‍ക്കാന്‍ സാധിക്കുമെങ്കില്‍ കട തുടങ്ങാമെന്നാണ് അധികൃതരുടെ വാക്കുകള്‍. അയോധ്യയിലെ ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റിലാണ് ഈ നിരോധനമുള്ളത്. അതേസമയം, ചിക്കന്‍ വിഭവങ്ങള്‍ കൊണ്ട് പ്രശസ്തമായ കെഎഫ്‌സിക്ക് വെജ്-വിഭവങ്ങള്‍ മാത്രം അനുമതി നല്‍കുന്ന ഉത്തരവിനെ പരിഹസിക്കുകയാണ് സോഷ്യല്‍മീഡിയഇതിനോടകം തന്നെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
അതേസമയം, ഇതിനോടകം തന്നെ അയോധ്യ-ലഖ്‌നോ ഹൈവേയില്‍ കെഎഫ്‌സി യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. ഇതിനുമുന്‍പ് ഡൊമിനോസ് ക്ഷേത്ര പരിസരത്തിന്റെ ഒരു കിലോമീറ്റര്‍ അകലെയായി തങ്ങളുടെ ഔട്ട്‌ലെറ്റ് തുറന്നിരുന്നു. ഇവയെ കൂടാതെ മറ്റ് സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.