ദെഹ്റാദൂണ്‍: ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്. ഏകീകൃത സിവില്‍ കോഡ് നിയമമാകുന്നതോടെ, ഉത്തരാഖണ്ഡില്‍ ലിവ്-ഇന്‍ ബന്ധങ്ങളിലുള്ള വ്യക്തികള്‍ ജില്ലാ അധികാരികളുടെ അടുത്ത് രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍ കോഡ് കരട് ബില്ലിലെ നിര്‍ദേശമാണിത്.
ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന 21 വയസ്സിന് താഴെയുള്ളവര്‍ക്ക് മാതാപിതാക്കളുടെ സമ്മതം ആവശ്യമാണെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിയമം ലംഘിച്ചാല്‍ ആറുമാസം ജയില്‍ വാസം അനുഭവിക്കേണ്ടി വരും.
ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന വ്യക്തികളും ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരും ബന്ധപ്പെട്ട ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ തങ്ങളുടെ ബന്ധം രജിസ്ടര്‍ ചെയ്യണമെന്നാണ് വ്യവസ്ഥ. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന ഉത്തരാഖണ്ഡ് സ്വദേശികള്‍ക്കും നിയമം ബാധകമായിരിക്കും.