ചെന്നൈ: റോഡരികില്‍ കാണുന്ന എല്ലാ കല്ലിനെയും വിഗ്രഹമായി കാണാന്‍ പറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് പരിതാപകരമാണെന്നും കോടതി വിമര്‍ശിച്ചു. റോഡരികില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വിഗ്രഹാരാധന നടത്തി വന്നിരുന്ന കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
ചെങ്കപ്പേട്ട് സ്വദേശി ശക്തി മുരുഗനാണ് തന്റെ വസ്തുവിന് മുന്നില്‍ അയല്‍ക്കാരന്‍ സ്ഥാപിച്ച കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. പുരയിടത്തിന് പുറത്ത് അയല്‍വാസി ഒരു കല്ല് വെച്ച് ആരാധന നടത്തി തുടങ്ങി എന്നാണ് മുരുഗന്റെ പരാതി. കല്ലിനെ അയല്‍വാസി തുണി പുതപ്പിച്ച് പൂജിക്കാന്‍ തുടങ്ങിയെന്നും ഇതില്‍ പിന്നെ സ്ഥലത്ത് പ്രവേശിക്കാന്‍ തനിക്ക് ബുദ്ധിമുട്ടാണെന്നും ശക്തി മുരുഗന്റെ ഹര്‍ജിയില്‍ പറയുന്നു. കല്ല് നീക്കാന്‍ പോലീസ് സംരക്ഷണം വേണമെന്നും ഇദ്ദേഹം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിയില്‍ വാദം കേട്ട കോടതി ഒരാഴ്ചക്കകം കല്ല് നീക്കം ചെയ്യണമെന്നും പോലീസിനും റവന്യൂവകുപ്പിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്ധ വിശ്വാസത്തിന്റെ പേരില്‍ റോഡ് അരികിലെ കല്ല് നീക്കാത്തതിനെതിരെയും കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. റോഡരികിലുള്ള കല്ല് വെറും കല്ലാണോ, അതോ വിഗ്രഹമാണോ എന്ന് നിശ്ചയിക്കാന്‍ സ്ഥലമുടമയ്ക്ക് കോടതി കയറേണ്ടി വന്നെന്ന് ഹര്‍ജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കടേഷ് പറഞ്ഞു.
ശക്തിമുരുഗന്റെ ആവശ്യപ്രകാരം ഒരാഴ്ചയ്ക്കുള്ളില്‍ കല്ല് നീക്കണമെന്നും ഇതിന് വേണ്ട സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും കോടതി അസി.പോലീസ് കമ്മിഷണറോട് ഉത്തരവിട്ടിട്ടുണ്ട്. കേസ് സമയം കളയുന്നതാണെന്നും കോടതി വിമര്‍ശിച്ചു.