ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ലഖ്നൗ ജില്ലാ ജയിലില്‍ 36 തടവുകാരില്‍ കൂടി എച്ച്.ഐ.വി. സ്ഥിരീകരിച്ചു. 2023 ഡിസംബറില്‍ നടത്തിയ പരിശോധനയുടെ ഫലത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതോടെ ജയിലിലെ ആകെ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം 63 ആയി.
സെപ്റ്റംബറില്‍ നടക്കേണ്ടിയിരുന്ന പരിശോധന എച്ച്.ഐ.വി. ടെസ്റ്റിങ് കിറ്റുകളുടെ അഭാവത്തെ തുടര്‍ന്ന് വൈകുകയും പിന്നീട് ഡിസംബറില്‍ നടത്തുകയുമായിരുന്നു.
എച്ച്.ഐ.വി സ്ഥിരീകരിക്കപ്പെട്ട തടവുകാരില്‍ ഭൂരിപക്ഷം പേരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നവരാണെന്നും ജയില്‍ അധികൃതര്‍ പറയുന്നു. ജയിലിന് പുറത്തുവെച്ച് മയക്കുമരുന്ന് ഉപയോഗത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന സിറിഞ്ചുകളിലൂടെയാണ് രോഗം പകര്‍ന്നതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ജയിലില്‍ പ്രവേശിച്ച ശേഷം ആര്‍ക്കും എച്ച്.ഐ.വി ബാധയേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
എച്ച്.ഐ.വി. പോസിറ്റീവ് ആയ തടവുകാര്‍ എല്ലാവരും ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.