ഇതരജാതിക്കാരനെ പ്രണയിച്ചു, 17-കാരിയെ കൊലപ്പെടുത്തി മാതാപിതാക്കള്‍, അറസ്റ്റ്

അങ്കിത പവാറെയാണ് മാതാപിതാക്കള്‍ അതിദാരുണമായി കൊലപ്പെടുത്തിയത്.

മുംബൈ: ഇതരജാതിക്കാരനെ പ്രണയിച്ചതിന് പതിനേഴുകാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിനിയായ അങ്കിത പവാറെയാണ് മാതാപിതാക്കള്‍ അതിദാരുണമായി കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളായ രാമറാവു പവാര്‍, പഞ്ചഫുലഭായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ദുരഭിമാനക്കൊലയാണെന്നും ഇതരജാതിക്കാരനെ പ്രണയിച്ചതും മാതാപിതാക്കള്‍ ആവശ്യപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

അങ്കിതയെ തലയ്ക്ക് പരിക്കേറ്റനിലയില്‍ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കും മുന്‍പേ പെണ്‍കുട്ടി മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ തിരക്കിയപ്പോള്‍ പെണ്‍കുട്ടി സ്വയം മുറിവേല്‍പ്പിച്ചതാണെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇതോടെ പോലീസ് സംഘം മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ഇതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയും ചെയ്തു.

Exit mobile version