ന്യൂഡല്‍ഹി: സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെട്ടെന്ന് വ്യാജവാര്‍ത്ത സ്വയം പ്രചരിപ്പിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്ക് എതിരെ രോഷം ഉയരുന്നു. താന്‍ മരണവാര്‍ത്ത പ്രചരിപ്പിച്ചത് നല്ല ലക്ഷ്യത്തിന് വേണ്ടിയാണെന്നും കേന്ദ്ര ബജറ്റിലടക്കം പരാമര്‍ശിച്ച സെര്‍വിക്കല്‍ കാന്‍സറിനെ സംബന്ധിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനാണെന്നുമാണ് പൂനത്തിന്റെ വിശദീകരണം.
എന്നാല്‍ താരത്തിന് എതിരെ രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്. നിയമപരമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തിയത്.
also read- ആലപ്പുഴ പിടിയ്ക്കാന്‍ നടന്‍ സിദ്ദിഖിനെ ഇറക്കാനൊരുങ്ങി കോണ്‍ഗ്രസ്
കഴിഞ്ഞ ദിവസം സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് പൂനം പാണ്ഡെ മരിച്ചുവെന്ന് അവരുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സിനിമാ രംഗത്തെ പ്രമുഖരടക്കം താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കുറിപ്പുകള്‍ പങ്കിട്ടിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെയോടെ സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും തുറന്ന് പറഞ്ഞ് പൂനം ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.
പൂനത്തിന്റെ വിയോഗവാര്‍ത്ത, അവരുടെ മാനേജര്‍ നികിത ശര്‍മ സ്ഥിരീകരിച്ചതോടെ മിക്കവരും മരണവാര്‍ത്ത വിശ്വസിക്കുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ തന്നെ ഈ വാര്‍ത്ത വ്യാജമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
Discussion about this post