മുംബൈ: മരിച്ചിട്ടില്ല, ജീവനോടെയുണ്ട്. മരിച്ചുവെന്ന് പറഞ്ഞ് പ്രചരിച്ച ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റില്മാപ്പ് പറഞ്ഞ് നടിയും മോഡലുമായ പൂനം പാണ്ഡെ. താന്‍ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ കാന്‍സറിന്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് അങ്ങനെയൊരു പോസ്റ്റിട്ടതെന്നും നടി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആരാധകരോട് ക്ഷമ ചോദിച്ചത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് താനാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എല്ലാവരും എന്നോട് ക്ഷമിക്കണം, ഞാന്‍ സൃഷ്ടിച്ച കോലാഹലത്തിനും വേദനിപ്പിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ച സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണ വാര്‍ത്തയിലൂടെ എല്ലാവരേയും കബളിപ്പിച്ചു. അത് അങ്ങേയറ്റമാണെന്ന് എനിക്ക് അറിയാം. പക്ഷെ പെട്ടെന്ന് നമ്മള് എല്ലാവരും സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചു സംസാരിച്ചു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു.
നിശ്ശബ്ദമായി ജീവനെടുക്കുന്ന ഒരു രോഗമാണിത്. ഒരുപാട് സ്ത്രീകളുടെ ജീവിതം ഈ രോഗം കവര്‍ന്നിട്ടുണ്ട്. മറ്റു കാന്‍സറിനെപ്പോലെ സെര്‍വിക്കല്‍ കാന്‍സറും തടയാം. എച്ച്പിവി വാക്സിനെടുക്കുക. കൃത്യമായി മെഡിക്കല്‍ പരിശോധന നടത്തുക. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് നമുക്ക് അവബോധം സൃഷ്ടിക്കാം. എല്ലാവരും ഈ ദൗത്യത്തില്‍ പങ്കാളികളാകുക’- പൂനം പറഞ്ഞു.
വെള്ളിയാഴ്ച നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരിച്ചുവെന്ന് തരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വേദനയേറിയെ പ്രഭാതമാണ് ഇന്ന്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് പ്രിയപ്പെട്ട പൂനത്തെ ഞങ്ങള്‍ക്ക് നഷ്ടമായി. പരിശുദ്ധമായ സ്നേഹത്തോടെയും കരുണയോടെയുമാണ് പൂനം ഈ ലോകത്തിലെ ഏതൊരു ജീവനേയും നേരിട്ടിട്ടുള്ളത്’, എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.
പിന്നീട് പൂനത്തിന്റെ സഹോദരിയാണ് മരണവാര്‍ത്ത തങ്ങളെ അറിയിച്ചതെന്ന് പിആര്‍ ഏജന്‍സി വ്യക്തമാക്കി. എന്നാല്‍ പിന്നീട് കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചില്ലെന്നും ഏജന്‍സി മാധ്യമങ്ങളോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.
Discussion about this post