ചെന്നൈ: സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റില്‍ പ്രതികരിച്ച് നടി ധന്യ ബാലകൃഷ്ണ. 12 വര്‍ഷം മുമ്പ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിനാണ് നടി ഇപ്പോഴും വിശദീകരണം നല്‍കേണ്ടി വന്നിരിക്കുന്നത്. 2012ല്‍ നടി തമിഴ് ജനതയെ പരിഹസിച്ച് പോസ്റ്റ് പങ്കുവച്ചുവെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന വിമര്‍ശനം.
ധന്യ ബാലകൃഷ്ണ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ഐശ്വര്യ രജനികാന്ത് ചിത്രം ലാല്‍സലാം റിലീസിനൊരുങ്ങുമ്പോഴാണ് താരം വീണ്ടും വ്യക്തത വരുത്തുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയുടേത് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
എന്റെ പ്രഫഷനെ വച്ച് ഞാന്‍ പറയുന്നു, അത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ല. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അതില്‍ വ്യക്തത വരുത്തിയിരുന്നു. ട്രോളുകള്‍ക്കായി ചിലര്‍ ഉണ്ടാക്കിയ സ്ക്രീന്‍ഷോട്ട് ആണത്. എനിക്കും കുടുംബത്തിനും പല തരത്തിലുള്ള ഭീഷണികള്‍ വന്നത് മൂലമാണ് 12 വര്‍ഷത്തോളമായി ഒന്നും പുറത്ത് പറയാതിരുന്നത്.
ഞാന്‍ തമിഴ് സിനിമയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ഇവിടെ ജോലി ചെയ്യുന്നതില്‍ ഞാനെന്നും തമിഴകത്തോട് കടപ്പെട്ടവളായിരിക്കും. എനിക്ക് നിരവധി തമിഴ് സുഹൃത്തുക്കളുമുണ്ട്. തമാശയായി പോലും ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല. തമിഴ് പ്രേക്ഷകരാണ് എന്റെ ആദ്യ ഓഡിയന്‍സ്. ഈ വര്‍ഷക്കാലം എനിക്കൊപ്പം നിന്ന് ധൈര്യം തന്നതും അവരാണ്. രാജാ റാണി, നീ താനെ എന്‍ പൊന്‍ വസന്തം. കാര്‍ബണ്‍ എന്നിങ്ങനെ മൂന്ന് തമിഴ് സിനിമകളും വെബ് സീരിസും ചെയ്തത് ഈ സംഭവം നടന്നതിനുശേഷമാണ്. എനിക്കൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.
ആ പ്രസ്താവനയിലുള്ളത് എന്റെ വാക്കുകളുമല്ല. നിര്‍ഭാഗ്യവശാല്‍ എന്റെ പേരും അതിനോടൊപ്പം ചേര്‍ക്കപ്പെട്ടു. ഏതെങ്കിലും തരത്തില്‍ തമിഴ് മക്കളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഈ വിഷയം കാരണം ബുദ്ധിമുട്ടു നേരിടേണ്ടി വന്ന രജനികാന്ത് സാറിനോടും ഐശ്വര്യ രജനികാന്തിനോടും രജനി സാറിന്റെ ആരാധകരോടും ക്ഷമ ചോദിക്കുന്നു. ഞാന്‍ ബലഹീനയും നിസഹായയുമാണ്. നിങ്ങള്‍ തന്നെ ഈ വിഷയത്തില്‍ സത്യം കണ്ടെത്തുമെന്നാണ് എന്റെ വിശ്വാസമെന്നും ധന്യ ബാലകൃഷ്ണ പറയുന്നു.
2012 ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്സിനോടു പരാജയപ്പെട്ടത്തിന് പിന്നാലെ നടി ധന്യയുടേതെന്നു പറയപ്പെടുന്ന പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും വൈറലായത്. ”പ്രിയപ്പെട്ട ചെന്നൈ, നിങ്ങള്‍ വെള്ളം ചോദിച്ചു, ഞങ്ങള്‍ അത് നല്കി. നിങ്ങള്‍ വൈദ്യുതി ചോദിച്ചു, ഞങ്ങള്‍ അത് നല്കി. ഇപ്പോള്‍ ഞങ്ങളുടെ കാരുണ്യത്തില്‍ നിങ്ങള്‍ പ്ലേ ഓഫിലേക്ക് പോകുന്നു.” എന്നായിരുന്നു ആ വൈറല്‍ പോസ്റ്റ്.
My sincere clarification #DhanyaBalakrishna pic.twitter.com/wZAdnh386r
— dhanya balakrishna (@DhanyaBee) February 2, 2024
Discussion about this post