ചെന്നൈ: രാഷ്ട്രീയത്തില്‍ സജീവമാകാന്‍ നടന് വിജയ്. തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി താരം പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ സമര്‍പ്പിച്ചു. വിജയിയാണ് പാര്‍ട്ടി ചെയര്മാന്. ഇന്ത്യയില്‍ ശക്തമായ ജാതി മത രാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തിക്കുമെന്ന് വിജയ് അറിയിച്ചു.
പാര്‍ട്ടി രജിസ്ട്രേഷന് പൂര്‍ത്തിയായാലും 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. വിപുലമായ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ പാര്‍ട്ടിയെ ശക്തമാക്കുകയാണ് ആദ്യലക്ഷ്യം. തുടര്‍ന്ന് 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. താന്‍ നിലവില്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും വിജയ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സിനിമാലോകത്ത് നിറഞ്ഞുനില്ക്കുന്ന വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് വര്‍ഷങ്ങളായി അഭ്യൂഹമുണ്ട്. 68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം, വായനശാലകള്‍, സായാഹ്ന ട്യൂഷന്, നിയമസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയ് ഫാന്‍സ് തമിഴ്നാട്ടിലുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്.
#தமிழகவெற்றிகழகம் #TVKVijay https://t.co/Szf7Kdnyvr
— Vijay (@actorvijay) February 2, 2024
Discussion about this post