ന്യൂഡല്‍ഹി: കോടതി അനുമതി ലഭിച്ചതിന് പിന്നാലെ ഗ്യാന്‍വാപി മസ്ജിദിലെ തെക്കേ അറയില്‍ ദിവസവും അഞ്ച് തവണ പൂജകര്‍മങ്ങള്‍ നടത്തുമെന്ന് വ്യാസ് കുടുംബം. ദിവസവും അഞ്ച് തവണ ആരതി നടത്താനാണ് തീരുമാനം.
പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഗ്യാന്‍വാപി മസ്ജിദിലെ തെക്കേ അറയില്‍ പൂജ നടത്താന്‍ വരാണസി ജില്ലാ കോടതി അനുമതി നല്‍കിയതിന് ശേഷം ഇന്നലെ പൂജകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇന്ന് മുതല്‍ പുലര്‍ച്ചെ 3:30, ഉച്ചയ്ക്ക് 12, വൈകുന്നേരം 4, രാത്രി 7 നും രാത്രി 10:30 നും പൂജ നടത്താനാണ് തീരുമാനം.
കാശി വിശ്വനാഥ് ട്രസ്റ്റ് ശുപാര്‍ശ ചെയ്ത പൂജാരി പൂജകര്‍മങ്ങള്‍ നടത്തണമെന്നാണ് കോടതി നിര്‍ദേശം. കൂടുതല്‍ പേര്‍ പൂജകളില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. വരാണസി ജില്ലാകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി എത്രയും വേഗം പരിഗണിക്കുമെന്നാണ് മസ്ജിദ് കമ്മിറ്റി പ്രതീക്ഷ. അടിയന്തരമായി ഇന്നലെ രാത്രി ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ മസ്ജിദ് കമ്മിറ്റി സമീപിച്ചിരുന്നു.
എന്നാല്‍ അഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ആയിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സുപ്രീംകോടതി രജിസ്ട്രാര്‍ മുഖേന അറിയിച്ചത്. ഏഴ് ദിവസത്തിനകം പൂജ നടത്താന്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തോടെ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, ഇറങ്ങിയ ഉടന്‍ തന്നെ ക്രമീകരങ്ങള്‍ ഒരുക്കിനല്‍കി. കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍ രംഗത്തെത്തി.