കാണ്‍പൂര്‍: ഷൂ കീറിപ്പോയതിന്റെ മാനസിക സമ്മര്‍ദ്ദത്തില്‍ യുവ അഡ്വക്കേറ്റ് ആശുപത്രിയിലെത്തി ചികിത്സ തേടി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ചികിത്സ തേടിയതിന് പിന്നാലെ അഡ്വക്കേറ്റ് ആയ ഗ്യാനേന്ദ്ര ബന്‍ ത്രിപാഠി ഷൂ വാങ്ങിയ കടയുടെ മുതലാളിക്കെതിരെ നോട്ടീസ് അയച്ചു. ഷൂവിന് ആറു മാസം വാറന്റിയുണ്ടെന്ന് പറഞ്ഞ് തന്നെ പറ്റിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഷൂ കീറിയ വിഷമത്തില്‍ തന്റെ അളിയന്റെ കല്യാണത്തിന് പങ്കെടുക്കാനാവാത്തത് കടുത്ത മാനസിക സമ്മര്‍ദമാണ് ത്രിപാഠിയ്ക്കുണ്ടാക്കിയത്. സങ്കടം കൂടിയപ്പോള്‍ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്നും വാങ്ങി കഴിക്കേണ്ടി വന്നു.
ഏറെ ഇഷ്ടപ്പെട്ട് വാങ്ങിയ ഷൂ മികച്ച ബ്രാന്‍ഡിലുള്ളതാണെന്നും ആറുമാസം വാറന്റിയുണ്ടെന്നും പറഞ്ഞ് കടയുടമ നുണ പറയുകയായിരുന്നു. ആറുമാസം വാറന്റി പറഞ്ഞ ഷൂ ആറു ദിവസത്തിനകം കീറിനശിച്ചതാണ് ത്രിപാഠിയെ സമ്മര്‍ദ്ദത്തിലാക്കിയത്.
1200 രൂപ ഷൂ, 2100രൂപ ഹോസ്പിറ്റല്‍ റജിസ്‌ട്രേഷനും 10,000 രൂപ ചികിത്സയ്ക്കും ചിലവായിട്ടുണ്ടെന്നും ഈ നഷ്ടപരിഹാരം തനിക്ക് ലഭിക്കണമെന്നും ത്രിപാഠി ആവശ്യപ്പെടുന്നു. 50 ശതമാനം ഓഫറിലാണ് ത്രിപാഠി കടയില്‍ നിന്നും ഷൂ വാങ്ങിയത്.