ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പമായിരിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്. ബിജു ജനതാദള്‍ പ്രതിപക്ഷ വിശാല സഖ്യമായ മഹാഗഡ്ബന്ധന്റെ ഭാഗമായിരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
സഖ്യത്തിന്റെ ഭാഗമാകുന്നതു സംബന്ധിച്ച് തീരുമാനം പറയാന്‍ ഒരു ദിവസം സമയം വേണമെന്ന് കഴിഞ്ഞ ദിവസം പട്‌നായിക്ക് പറഞ്ഞിരുന്നു. ഇതോടെ പട്‌നായിക്കും ബിജു ജനതാദളും പ്രതിപക്ഷത്തിനൊപ്പം ചേരുമെന്ന് അഭ്യൂഹം ശക്തമാകുകയും ചെയ്തു.
എന്നാല്‍ തീരുമാനം വന്നപ്പോള്‍ പട്‌നായിക്ക് പ്രതിപക്ഷത്തെ കൈയൊഴിഞ്ഞു. പാര്‍ട്ടി തുടര്‍ന്നും ബിജെപിയും കോണ്‍ഗ്രസുമായും സമദൂരം പാലിക്കുമെന്ന് ബിജു ജനതാദള്‍ അധ്യക്ഷന്‍ പറഞ്ഞു.
ചൊവ്വാഴ്ച ഡല്‍ഹിയില്‍ കര്‍ഷക റാലിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പ്രതിപക്ഷ സഖ്യത്തില്‍ ചേരുമോയെന്ന് പട്‌നായിക്കിനോട് മാധ്യമങ്ങള്‍ ആരാഞ്ഞത്. ചിന്തിച്ചു മാത്രമേ തീരുമാനം പറയാന്‍ കഴിയുകയുള്ളു എന്നായിരുന്നു പട്‌നായിക്കിന്റെ മറുപടി.
ബിജെപി, കോണ്‍ഗ്രസ് ഇതര മൂന്നാംമുന്നണിക്കായി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും പട്‌നായിക്കിനെയും കണ്ടിരുന്നു.