ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റ് അവതരണത്തിൽ രണ്ടാം മോഡി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനമന്ത്രി നിർമല സീതാരാമൻ. അമൃതകാലത്തിനായാണ് മോഡി സർക്കാർ പ്രവർത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. അഴിമതി തുടച്ചുനീക്കിയെന്നും എല്ലാ മേഖലയിലും തൊഴിൽസാധ്യത വർധിപ്പിക്കാനും വികസനം സമൂഹത്തിലെ എല്ലാവരിലും എത്തിക്കാനായെന്നും അവർ പറഞ്ഞു.
പലവെല്ലുവിളികളും അതിജീവിക്കാനായെന്നും കടന്നുപോയത് മാറ്റങ്ങളുടെ 10 വർഷമായിരുന്നെന്നും നിർമല സീതാരാമൻ പറഞ്ഞു. മോഡിയുടെ ഭരണത്തിൽ രാജ്യം കുതിച്ചു,കുടിവെള്ളം, വൈദ്യുതി, പാചകവാതകം, വീടുകൾ എന്നിവ ഉറപ്പാക്കാനായി. തൊഴിൽ സാധ്യതകൾ വർധിച്ചതായും 2047-ഓടുകൂടി വികസിത ഭാരതം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
34 ലക്ഷം കോടി പി.എം ജൻധൻ അക്കൗണ്ട് വഴി ജനങ്ങൾക്ക് നൽകി, സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പാക്കി, സ്ത്രീകൾക്ക് 30 കോടി മുദ്രാ വായ്പകൾ നൽകി. മോഡിസർക്കാരിന് ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.
Also read-25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കി: 2047ഓടെ ഇന്ത്യ വികസിത രാജ്യമാകും; ധനമന്ത്രി നിര്‍മല സീതാരാമന്‍
തൊഴിലിടങ്ങളിൽ വനിതകൾക്കും യുവാക്കൾക്കും മുൻഗണന നൽകി, ഗ്രാമീണ മേഖലയിൽ കൂടുതൽ വികസനം എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി. രാജ്യത്തെ കർഷകർക്ക് 11.8 കോടിയുടെ സഹായം അനുവദിച്ചിട്ടുണ്ടെന്നും 4 കോടി കർഷകർക്ക് വിള ഇൻഷുറൻസ് ഇതിനകം നൽകിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.