ചെന്നൈ: പ്രശസ്തമായ പഴനി മുരുകക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈകോടതി. തമിഴ്നാട് എച്ച്ആർ ആൻഡ് സിഇ ഡിപ്പാർട്ട്മെന്റിനാണ് ക്ഷേത്രത്തിലെ കൊടിമരത്തിനപ്പുറം അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയത്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസ് ശ്രീമതിയാണ് ഉത്തരവിറക്കിയത്. തടസങ്ങളില്ലാതെ ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അവസരമൊരുക്കണമെന്നും ക്ഷേത്രം വിനോദസഞ്ചാര കേന്ദ്രമല്ലെന്നും കോടതി വ്യക്തമാക്കി. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് ബോർഡ് സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ നീക്കിയിരുന്നു. ഇതിന് എതിരായി ഡി സെന്തിൽകുമാർ എന്നയാൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
അതേസമയം, പഴനിക്ഷേത്രത്തിൽ ഹിന്ദുമതത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടരാൻ തയാറാണെന്ന് അറിയിച്ചെത്തുന്ന അഹിന്ദുവായ ആൾക്ക് പ്രവേശനം അനുവദിക്കാവുന്നതാണെന്നും വിധിയിൽ പറയുന്നു. ഇത്തരത്തിൽ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിർദേശം.
Discussion about this post