ചണ്ഡിഗഢ്: ഇത്തവണയെങ്കിലും ഭരണം ബിജെപിയിൽ നിന്നും ഭരണം പിടിക്കാമെന്ന് ആഗ്രഹിച്ച് മത്സരത്തിനിറങ്ങി പരാജയപ്പെട്ടതോടെ എഎപി സ്ഥാനാർത്ഥി മോഹാലസ്യപ്പെട്ട് വീണു. ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷനിലെ മേയർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ.
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ എഎപി സ്ഥാനാർഥി കുൽദീപ് കുമാർ തലകറങ്ങി വീഴുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തിന് ശേഷം ബിജെപിയെ നേരിടുന്ന ആദ്യത്തെ തിരഞ്ഞെടുപ്പെന്ന തരത്തിൽ ഈ തിരഞ്ഞെടുപ്പ് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
വീഡിയോയിൽ പൊട്ടിക്കരയുന്ന പരാജയപ്പെട്ട കുൽദീപ് കുമാറിനെയും ആശ്വസിപ്പിക്കുന്ന സഹപ്രവർത്തകരേയും കാണാവുന്നതാണ്. ബിജെപി സ്ഥാനാർത്ഥി മനോജ് കുമാർ സോങ്കറിനോട് 16-നെതിരേ 12 വോട്ടുകൾക്കായിരുന്നു എഎപി സ്ഥാനാർത്ഥിയുടെ പരാജയം. എട്ട് വോട്ടുകളാണ് വോട്ടെണ്ണലിൽ അസാധുവായത്.
കോൺഗ്രസും എഎപിയും ചേർന്ന് സഖ്യമായിട്ടായിരുന്നു മത്സരിച്ചത്. എട്ട് വർഷമായി ഈ കോർപ്പറേഷനിൽ ബിജെപിയുടെ ഭരണമാണ്. ബിജെപിയെ ഭരണത്തിൽ നിന്നകറ്റാനായി ഇൻഡ്യ സഖ്യത്തിന്റെ നീക്കം പരാജയത്തോടെ പാളിപ്പോയി.
35 അംഗ മുനിസിപ്പൽ കോർപ്പറേഷനിൽ എഎപി-കോൺഗ്രസ് സഖ്യത്തിന് 20 അംഗങ്ങളും ബിജെപിക്ക് 15 അംഗങ്ങളുമാണുള്ളത്. ബിജെപിയുടെത് അട്ടിമറി വിജയമാണ്. വിജയം സുനിശ്ചിതമെന്ന് ഉറപ്പിച്ച ശേഷമായിരുന്നു എഎപി സ്ഥാനാർത്ഥിയുടെ പരാജയം. ബിജെപിയുടെ ചതിയാണ് വിജയിച്ചതെന്ന് സംഭവത്തിന് പിന്നാലെ അരവിന്ദ് കെജരിവാൾ പ്രതികരിച്ചു.
Discussion about this post