പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാസഖ്യ സര്‍ക്കാരിനെ പിരിച്ചുവിട്ട് എന്‍ഡിഎയിലേക്ക് മടങ്ങിയാണ് നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപിയുടെ സാമ്രാട്ട് ചൗധരിയും വിജയ് സിംഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോഡി അഭിനന്ദിച്ചു. ബീഹാറിന് കൂടുതല്‍ വികസന പദ്ധതികളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
ഇന്‍ഡ്യ സഖ്യത്തോടിടഞ്ഞാണ് നിതീഷ് കുമാറിന്റെ എന്‍ഡിഎയിലേക്കുള്ള കൂടുമാറ്റം. ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. ബിജെപി-ജെഡിയു സഖ്യ സര്‍ക്കാരാണ് ഇനി ബിഹാര്‍ ഭരിക്കുക. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി. കഴിഞ്ഞ 17 മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ബിഹാറില്‍ മന്ത്രിസഭാ സത്യപ്രതിജ്ഞ നടക്കുന്നത്. ഇരുവരും ബിജെപി നേതാക്കളാണ്. തേജസ്വി യാദവിന്റെ പക്കലുണ്ടായിരുന്ന വകുപ്പുകള്‍ ആര്‍ക്ക് നല്‍കുമെന്ന് വ്യക്തമായിട്ടില്ല.
ഇന്ന് രാവിലെയാണ് നിതീഷ് കുമാര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവന്‍ ബിജെപി എംഎല്‍എമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി – ജെഡിയു എംഎല്‍എമാര്‍ക്ക് നിതീഷ് കുമാറിന്റെ വസതിയില്‍ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ശേഷം നേതാക്കള്‍ ഗവര്‍ണറെ കാണും. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാര്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡി – കോണ്‍ഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധന്റെ ഭാഗമായത്. പിന്നാലെ ഇന്‍ഡ്യ സഖ്യത്തിനായി തുടക്കമിട്ട നിതീഷ് എന്നാല്‍ സഖ്യത്തെ പാതി വഴിയില്‍ ഉപേക്ഷിച്ച് എതിര്‍ ചേരിയില്‍ ചേക്കേറിയത് സഖ്യത്തെ പിടിച്ചുലച്ചിരിക്കുകയാണ്.