ഭാരത് ജോഡോ യാത്രയിൽ പൊതുജനങ്ങൾക്ക് നേരെ കൈവീശുന്നത് രാഹുലിന്റെ അപരൻ; തെളിവുണ്ട്, ഉടൻ പുറത്തുവിടുമെന്ന് അസാം മുഖ്യമന്ത്രി

ഗുവഹാട്ടി: ഭാരത്‌ജോഡോ ന്യായ് യാത്രയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മുന്നേറുന്നതിനിടെ ഗുരുതര ആരോപണം ഉന്നയിച്ച് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭാരത് ജോഡോ യാത്രയ്ക്കിടെ യഥാർഥ രാഹുൽ അല്ല, ജനങ്ങൾക്ക് നേരെ കൈവീശുന്നത് രാഹുലിന്റെ അപരനാണ് എന്നാണ് അസം മുഖ്യമന്ത്രിയുടെ ആരോപണം.

ബസിൽ ഇരുന്നുകൊണ്ട് ജനങ്ങൾക്കുനേരെ കൈവീശിയത് രാഹുൽ അല്ല. രാഹുലിന് അപരനുണ്ട്. അപരനെ സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും ഹിമന്ത ബിശ്വ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതൊന്നും വെറുതെ പറയുന്നതല്ല. അപരന്റെ പേര്, എങ്ങനെയാണ് അക്കാര്യം നടപ്പാക്കിയത് തുടങ്ങി എല്ലാ വിശദാംശങ്ങളും പങ്കിടും. കുറച്ച് ദിവസം കാത്തിരിക്കൂ. ഞായർ, തിങ്കൾ ദിവസങ്ങളിൽ താൻ ഗുവാഹാട്ടിയിൽ ഉണ്ടാവില്ല. തിരിച്ചെത്തിയാൽ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ശനിയാഴ്ച സോണിത്പൂരിൽ വെച്ച് മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ALSO READ- 10 വർഷമായി ഒരേ റൂട്ടിൽ മുടങ്ങാതെ ബസ് ഓടിച്ച് ഡ്രൈവർ ഉണ്ണി; വിരമിക്കൽ ദിനത്തിൽ ആദരമൊരുക്കി സ്ഥിരം യാത്രക്കാർ

ജനുവരി 18 മുതൽ 25 വരെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ സഞ്ചരിച്ചത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ കടുത്ത ആരോപണങ്ങൾ രാഹുൽ യാത്രയിൽ ഉന്നയിച്ചിരുന്നു.

Exit mobile version