ചെന്നൈ ∙ വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിയെ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിൽ. ഇരുവരും ഒളിവിൽ പോയിരുന്നു. പിന്നാലെയാണ് അറസ്റ്റ്.
ദലിത് യുവതിയെ മർദിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ പട്ടികജാതി അതിക്രമ നിരോധന നിയമം ഉൾപ്പെടെ 6 വകുപ്പുകളിലായി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്.
ഡി എം കെ എം എൽ എ ഐ കരുണാനിധിയുടെ മകനായ ആന്റോ മണിവാണൻ, ഭാര്യ മെർലിൻ എന്നിവരെ ആന്ധ്രയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും ചോദ്യം ചെയ്ത ശേഷം ചെന്നൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. ഡിഎംകെ പല്ലാവരം എംഎൽഎയാണ് ഐ.കരുണാനിധി
മെർലിനും അന്റോയ്ക്കും എതിരെ ഉളുന്ദൂർപ്പെട്ട് സ്വദേശിനി രേഖ (18)യാണ് പീഡനം ആരോപിച്ചു രംഗത്ത് എത്തിയത്. രേഖയുടെ മാതാവ് ചെന്നൈയിലെ ഒരു വീട്ടിൽ വീട്ടുജോലി ചെയ്യുകയാണ്. 12–ാം ക്ലാസ് പൂർത്തിയാക്കിയ രേഖ ഏഴു മാസം മുൻപാണ് ചെന്നൈ തിരുവാൺമിയൂരിലുള്ള ആന്റോയുടെ വീട്ടിൽ ജോലിക്കായി എത്തിയത്.
ഇവിടെ വെച്ച് ദലിത് പെൺകുട്ടിയായ രേഖയെ എംഎൽഎയുടെ മകനും മരുമകളും ചേർന്ന് മർദിച്ചെന്നും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചെന്നുമാണ് പരാതി ഉയർന്നത്.