ബംഗളൂരു: സഹോദരിയെ വെള്ളത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സഹോദരന്‍, അമ്മയുടെ മരണത്തിനും കാരണക്കാരനായി. കര്‍ണാടകത്തിലെ ഹുന്‍സൂരിലാണ് യുവാവ് സഹോദരിയെ തടാകത്തിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും വെള്ളത്തില്‍ മുങ്ങിമരിച്ചു. പോലീസ് പിടിയിലായ യുവാവ് സഹോദരിയെ കൊലപ്പെടുത്തുന്നതിന് കാരണമായി ഇതരമതസ്ഥനെ പ്രണയിച്ചതാണ് എന്ന് വെളിപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി മാരുര്‍ ഗ്രാമത്തിലാണ് സംഭവം.രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ട ധനുശ്രീ (19). ഇവരുടെ അമ്മ അനിത (40)യാണ് ധനുശ്രീയെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ചത്.
പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ധനുശ്രീയുടെ സഹോദരന്‍ നിതിനെ (23) ഹുന്‍സൂര്‍ റൂറല്‍ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അയല്‍ഗ്രാമത്തിലുള്ള ബന്ധുവീട്ടിലേക്കാണെന്നുപറഞ്ഞാണ് നിതിന്‍ ധനുശ്രീയെയും അമ്മയെയും ബൈക്കില്‍ കൊണ്ടുപോയാണ് കൃത്യം നടത്തിയത്.
യാത്രയ്ക്കിടെ തടാകത്തിനടുത്ത് ബൈക്ക് നിര്‍ത്തിയശേഷം ധനുശ്രീയെ തള്ളിയിട്ടു. ഇതുകണ്ട് രക്ഷിക്കാനായി അമ്മ തടാകത്തിലേക്ക് എടുത്തുചാടുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ നിതിന്‍ പിതാവ് സതീഷിനെ വിവരം അറിയിക്കുകയും, പിതാവിനെക്കൂട്ടി തടാകത്തിലെത്തി ധനുശ്രീയെ തള്ളിയിട്ട സ്ഥലം കാണിച്ചുകൊടുക്കുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ബുധനാഴ്ച രാവിലെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ധനുശ്രീ ഇതരമതസ്ഥനെ പ്രണയിക്കുന്നതിന്റെ പേരില്‍ നിതിന്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് പിതാവിന്റെ മൊഴി.
Discussion about this post