ചണ്ഡീഗഡ്: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഹരിയാനയില്‍ രാംലീല നാടകം കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഹനുമാന്റെ വേഷമിട്ട ഹരീഷ് മേത്ത എന്ന ആളാണ് വേദിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് ഹരീഷ് മേത്ത മരിച്ചതെന്ന് പോലീസ് പറഞ്ഞു.
വൈദ്യുതി വകുപ്പില്‍ എഞ്ചിനീയറായി വിരമിച്ചയാളാണ് ഹരീഷ് മേത്ത. കലാകാരന് കൂടിയായിരുന്ന ഹരീഷ് കഴിഞ്ഞ 25 വര്‍ഷമായി ഹനുമാന് ആയി നാടകങ്ങളില്‍ വേഷമിട്ടിരുന്നു.
ഹനുമാന്റെ വേഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ ഇയാള്‍ കുഴഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. എന്നാല്‍ വേദിയിലുണ്ടായിരുന്നവര്‍ കരുതിയത് ഇത് നാടകത്തിന്റെ ഭാഗമായി ആണെന്നാണ്. ഹരീഷ് ഏറെ നേരം ചലനമില്ലാതെ കിടന്നതോടെയാണ് അപകടം സംഭവിച്ചതാണെന്ന് സഹതാരങ്ങള്‍ മനസിലാക്കുന്നത്.
ഉടനെ തന്നെ ഹരീഷിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post